Saturday, April 18, 2026

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം

വാല്‍പ്പാറ: വാല്‍പ്പാറയില്‍ വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പൊള്ളാച്ചിയില്‍ നിന്ന് ഇന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ആംബുലന്‍സുകള്‍ എട്ടരയോടെ മലപ്പുറം പാങ്ങില്‍ എത്തും. അപകടത്തില്‍ മരിച്ച അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാവിലെ ഒന്‍പത് മണിയോടെ പാങ്ങ് സ്‌കൂളിലെത്തും.

അമ്പലപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വിവിധ ഖബര്‍സ്ഥാനുകളിലും ശ്മശാനങ്ങളിലുമായി സംസ്‌കാര ചടങ്ങുകള്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലില്‍ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനിലും സുഹറയും, മകന്‍ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ ഖബറടക്കും. സ്‌കൂളിലെ പ്രധാന അധ്യാപികയായ പി.അജിതയുടെ മൃതദേഹം പുലാമന്തോള്‍ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.

വെള്ളിയാഴ്ച വൈകീട്ടാണ് തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിര്‍ത്തിയായ വാല്‍പ്പാറയില്‍ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിലെ അഞ്ച് സ്ഥിരം അധ്യാപകര്‍, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകന്‍ എന്നിവരാണ് മരിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവില്‍ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

പരുക്കേറ്റവര്‍ കോയമ്പത്തൂരിലെയും പെരിന്തല്‍മണ്ണയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് വാല്‍പ്പാറയിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!