ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറയും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും ചര്‍ച്ചയായ യോഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് എന്നിവരും സിറിയന്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം, ലെബനന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സൗദി അറേബ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി വ്യക്തമാക്കി. ലെബനാന് പ്രസിഡന്റ് ജോസഫ് ഔനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്. രാജ്യത്തിന്റെ ഐക്യവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൗദി എന്നും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ സൗദി നല്കുന്ന വിലമതിക്കാനാവാത്ത സഹായങ്ങള്‍ക്ക് പ്രസിഡന്റ് ജോസഫ് ഔന് നന്ദി രേഖപ്പെടുത്തി.
