അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടാത്തതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിക്കുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നു. ഒരു ഘട്ടത്തില്‍ നാല് ശതമാനത്തിലധികം വര്‍ധിച്ച വില പിന്നീട് നേരിയ തോതില്‍ ക്രമപ്പെടുകയായിരുന്നു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡിന്റെ വിലയും ബാരലിന് 94.26 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന് ഇറാനും, ഇറാനെതിരെയുള്ള ഉപരോധം തുടരുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചതാണ് വിപണിയെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ ഹോര്‍മുസില്‍ പ്രവേശിച്ച മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന് വെടിവെക്കുകയും രണ്ട് കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അമേരിക്ക നേരത്തെ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെയാണിത്. ഹോര്‍മുസിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ഭീതിയാണ് വില ഉയരാന്‍ പ്രധാന കാരണം.

യുദ്ധത്തിന്റെ തുടക്കത്തില്‍ 65 ഡോളറായിരുന്ന എണ്ണവില, സംഘര്‍ഷം രൂക്ഷമായതോടെ 115 ഡോളര്‍ വരെ എത്തിയിരുന്നു. പിന്നീട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ വില താഴ്ന്നുവെങ്കിലും, ഹോര്‍മുസില്‍ നാവിക ഉപരോധം തുടരാനുള്ള ട്രംപിന്റെ തീരുമാനം സ്ഥിതി വീണ്ടും സങ്കീര്‍ണ്ണമാക്കി. വെടിനിര്‍ത്തല്‍ കാലാവധി ട്രംപ് നീട്ടിയെങ്കിലും മേഖലയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവു വരാത്തത് ആഗോള എണ്ണ വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
