Friday, April 24, 2026

“അവർ ദൈവത്തെ പോലെയായിരുന്നു, പക്ഷേ എനിക്ക്‌ പണം വേണമായിരുന്നു”: ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകളു‌ടെ കൊലപാതകത്തിൽ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിലെ അതീവ സുരക്ഷയുള്ള ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിലും ബലാത്സംഗത്തിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 19 കാരനായ പ്രതി രാഹുൽ മീണ “ദീദി പണം നൽകിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി ആവർത്തിച്ചു പറഞ്ഞത്‌. താൻ കൊലപാതകം ലക്ഷ്യമിട്ടിരുന്നില്ലെന്നും പണം മോഷ്ടിക്കാൻ മാത്രമാണ് എത്തിയതെന്നുമാണ്‌ ഇയാൾ പറഞ്ഞത്‌. ഐഐടി ബിരുദധാരിയും യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയുമായിരുന്ന 22-കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മുകളിലത്തെ നിലയിലുള്ള പഠനമുറിയിൽ അതിക്രമിച്ചു കയറിയ രാഹുൽ, പണം ആവശ്യപ്പെട്ടതിനെ യുവതി എതിർത്തതോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.
ടേബിൾ ലാംപ് കൊണ്ട് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മൊബൈൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്തു. യുവതി അബോധാവസ്ഥയിലായ സമയത്ത് പ്രതി അവരെ ബലാത്സംഗം ചെയ്തു.
ലോക്കർ തുറക്കാൻ മരിച്ച യുവതിയുടെ രക്തം പുരണ്ട വിരലുകൾ ഉപയോഗിച്ച് ബയോമെട്രിക് സ്കാനർ പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്ത് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു.

രാജസ്ഥാനിലെ അൽവാർ സ്വദേശിയായ രാഹുൽ മീണ കഴിഞ്ഞ എട്ടുമാസമായി ഈ വീട്ടിൽ ജോലിക്കാരനായിരുന്നു. കടം വാങ്ങുന്ന ശീലവും മറ്റു സാമ്പത്തിക ക്രമക്കേടുകളും കാരണം ഒരു മാസം മുമ്പാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഡൽഹിയിലെ കൊലപാതകത്തിന് തൊട്ടുമുമ്പ് അൽവാറിലും ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തിരുന്നു. കോടതിയിൽ തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പ്രതി യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വളരെ ശാന്തനായാണ് ഇയാൾ ചോദ്യങ്ങളെ നേരിടുന്നത്. തനിക്ക് പണം അത്യാവശ്യമായിരുന്നുവെന്നും അത് ലഭിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു എന്നും അതിൽ തെറ്റില്ലെന്നുമാണ്‌ ഇയാളുടെ നിലപാട്. അവർ തനിക്ക് ദൈവത്തെപ്പോലെയായിരുന്നെന്നും അത്ര നല്ല മനുഷ്യരായിരുന്നു എന്നും പക്ഷേ തനിക്ക് പണം വേണമായിരുന്നു എന്നുമാണ്‌ മീണ നൽകിയ മൊഴി. പ്രതിയുടെ അസാധാരണമായ ശാന്തതയും കുറ്റബോധമില്ലായ്മയും കണക്കിലെടുത്ത് ഇയാളെ സൈക്കോ അനാലിസിസിന് വിധേയനാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചു. ഇയാൾക്ക് ‘ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ’ (ASPD) പോലുള്ള മാനസികാവസ്ഥകൾ ഉണ്ടോ എന്ന് പരിശോധിക്കും. എയിംസിൽനടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ നാല് ദിവസത്തെ പെലീസ് കസ്റ്റഡിയിലാണ് പ്രതി. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പുകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!