തൃശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കേഗോപുരനട തുറക്കുന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. രാവിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം കാവില്‍ നിന്ന് എറണാകുളം ശിവകുമാറും തിടമ്പേറ്റി തൃശ്ശൂര്‍ നഗരത്തിലേക്ക് എത്തും. തുടര്‍ന്ന് പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷം ആകും തെക്കേഗോപുരനട തുറക്കുക.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയ സാഹചര്യത്തില്‍, ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ആര്‍ഭാടരഹിതമായാണ് പൂരം നടത്തുക. പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കാറുള്ള കുടമാറ്റം വെറും 15 മിനിറ്റിലേക്ക് ചുരുക്കാനും ഇരു ദേവസ്വങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

അതേസമയം, ദുരന്തത്തില്‍ മരിച്ച ലൈസന്‍സി സതീശന്റെ സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മുണ്ടത്തിക്കോട്ട് നടക്കും. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സതീശന്‍ ഇന്നലെയാണ് അന്തരിച്ചത്. ദുരന്തസ്ഥലത്ത് പോലീസിന്റെയും വിദഗ്ധരുടെയും നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്നും തുടരുകയാണ്.
