ദുബായ്: ലോകത്തെ ഏറ്റവും വലിയ മാനുഷിക സേവന ശൃംഖലകളിലൊന്നായ ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ്’ 2025-ൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മാത്രം 122 രാജ്യങ്ങളിലായി ഏകദേശം 16.5 കോടി ആളുകൾക്ക് സഹായമെത്തിക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചു.
2024-നെ അപേക്ഷിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തിൽ 1.6 കോടിയുടെ വർദ്ധനവാണ് ഉണ്ടായത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെയാണ് ഈ അഭിമാനകരമായ വിവരം പങ്കുവെച്ചത്.
“യുഎഇ തിരഞ്ഞെടുത്തത് പ്രത്യാശയുടെയും ജീവിതം കെട്ടിപ്പടുക്കുന്നതിന്റെയും പാതയാണ്. മനുഷ്യത്വം എവിടെയുണ്ടോ അവിടെ അവരോടൊപ്പം നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” – ഷെയ്ഖ് മുഹമ്മദ്.

വെറും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒതുങ്ങിനിൽക്കാതെ, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സഹായിക്കുന്ന വിപുലമായ പദ്ധതികളാണ് MBRGI നടപ്പിലാക്കി വരുന്നത്. മേഖലയിലെ ഏറ്റവും വലിയ മാനുഷിക സഹായ സംഘടനയാണിത്.
