വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പഞ്ചാബി യുവാക്കള്‍ മരിച്ചു. നോര്‍ത്ത് ഐലന്‍ഡിലെ വെല്ലിങ്ടണില്‍ നിന്ന് ടൗറംഗയിലേക്ക് മടങ്ങുകയായിരുന്ന മഞ്ജീന്ദര്‍ സിങ്്, സന്ദീപ് സിങ്, വരീന്ദര്‍പാല്‍ സിങ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.50-ഓടെ മനാവതു-വാംഗാനുയി മേഖലയിലെ വൈയൂരുവിന് സമീപം സ്റ്റേറ്റ് ഹൈവേ 1-ലായിരുന്നു അപകടം.
മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ സെന്റര്‍ ലൈന്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ന്യൂസിലന്‍ഡില്‍ വര്‍ക്ക് വീസയില്‍ എത്തിയിരുന്ന മൂവരും അടുത്ത സുഹൃത്തുക്കളും ഒരേയിടത്ത് ജോലി ചെയ്യുന്നവരുമായിരുന്നു.

മരിച്ച മഞ്ജീന്ദര്‍ സിങിന് ഭാര്യയും രണ്ട് ചെറിയ പെണ്‍കുട്ടികളുമുണ്ട്. സന്ദീപ് സിങിന്റെ കുടുംബം ഇന്ത്യയിലാണ്. വരീന്ദര്‍പാല്‍ സിങ് അവിവാഹിതനാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
