ഓട്ടവ: കാനഡയിൽ ഭക്ഷ്യവസ്തുക്കൾക്കായുള്ള ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതായി ഡൽഹൗസി സർവകലാശാലയിലെ അഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് (AFAL) റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ ചെലവുകളിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായത് ഭക്ഷണസാധനങ്ങൾക്കാണെന്ന് 81% കനേഡിയൻ പൗരന്മാരും വ്യക്തമാക്കി. 2026-ലെ വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ, നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതിവർഷ ഭക്ഷണച്ചെലവിൽ 1,000 ഡോളറിലധികം വർദ്ധനവുണ്ടാകുമെന്നാണ് ലാബിന്റെ വിലയിരുത്തൽ.
വിലക്കയറ്റം സാധാരണക്കാരുടെ വാങ്ങൽ രീതികളെയും ഭക്ഷണശീലങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇറാനിലെ സംഘർഷവും ഊർജ്ജ വിലയിലുണ്ടായ വർദ്ധനവും മൂലം ഭക്ഷ്യവില ഇനിയും ഉയരുമെന്ന് AFAL ഡയറക്ടർ സിൽവൻ ചാർലെബോയിസ് മുന്നറിയിപ്പ് നൽകി. മാംസാഹാരങ്ങൾ പോലുള്ള വിലയേറിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കി വെജിറ്റേറിയനിസം, പെസ്‌കെറ്റേറിയനിസം, ഫ്ലെക്സിറ്റേറിയനിസം തുടങ്ങിയ ഭക്ഷണശീലങ്ങളിലേക്ക് വലിയൊരു വിഭാഗം ജനങ്ങൾ മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാറ്റ്‌സ്‌കാൻ റിപ്പോർട്ട് പ്രകാരം, ഫ്രഷ് ഉൽപ്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തെ നേരിടാൻ കനേഡിയൻ ജനത പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. വലിയ സൂപ്പർമാർക്കറ്റുകളെ മാത്രം ആശ്രയിക്കാതെ, താരതമ്യേന കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്വതന്ത്ര റീട്ടെയിൽ സ്റ്റോറുകൾ തേടിപ്പോകാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരം സ്വതന്ത്ര സ്റ്റോറുകൾ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ 10 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ടെന്നും, കാനഡയിലെ ഉപഭോക്താക്കൾ ഈ മാറ്റം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാർലെബോയിസ് കൂട്ടിച്ചേർത്തു.
