ഓട്ടവ: യുവതലമുറയെ പുകയില ആസക്തിയിൽ നിന്ന് മോചിപ്പിക്കാനായി വിപ്ലവകരമായ നിരോധനത്തിനൊരുങ്ങി യുകെ. 2009-ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയുന്ന പുതിയ നിയമം 2027 ജനുവരി 1 മുതൽ യുകെയിൽ പ്രാബല്യത്തിൽ വരും. ഈ നീക്കം കാനഡയിലെ പുകവലി വിരുദ്ധ പ്രവർത്തകർക്കും വലിയ ആവേശമാണ് നൽകുന്നത്.
നിശ്ചിത തീയതിക്ക് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. ഓരോ വർഷം കഴിയുന്തോറും പുകയില വാങ്ങാനുള്ള പ്രായപരിധി കൂടിവരുന്ന തരത്തിലാണ് ഈ നിയമം. ഇതോടെ ഭാവിയിൽ ഒരു ‘പുകയില രഹിത തലമുറ’യെ സൃഷ്ടിക്കാനാണ് യുകെ ലക്ഷ്യമിടുന്നത്. 2025-ൽ സമാനമായ നിയമം കൊണ്ടുവരുന്ന മാലിദ്വീപിന് പിന്നാലെ ഈ നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ രാജ്യമാകും യുകെ. ന്യൂസിലൻഡ് നേരത്തെ ഇത് ആലോചിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. പുകയില ഉപയോഗം മൂലം കാനഡയിൽ പ്രതിവർഷം 46,000 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ചികിത്സാ ചെലവും മറ്റുമായി ഏകദേശം 11.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും രാജ്യം നേരിടുന്നു.

യുകെയുടെ മാതൃക കാനഡയിലും നടപ്പിലാക്കണമെന്ന് ബിസി ലംഗ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം നിരീക്ഷിച്ചു വരികയാണെന്നും വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തുകയാണെന്നും കനേഡിയൻ ആരോഗ്യമന്ത്രി മാർജോറി മൈക്കൽ പ്രതികരിച്ചു. പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും വലിയ വിജയമായിരിക്കും ഇത്തരം ഒരു നിരോധനമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
