Thursday, April 30, 2026

കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്നവരിൽ ഇന്ത്യക്കാർ ഒന്നാമത്; മെക്സിക്കോയെ പിന്നിലാക്കി പുതിയ കണക്കുകൾ

ഓട്ടവ: കാനഡയിൽ നിന്ന് വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെടുന്ന വിദേശ പൗരന്മാരിൽ ഇന്ത്യൻ പൗരന്മാർ ഒന്നാമതെത്തിയതായി റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം, നാടുകടത്തപ്പെട്ടവരിൽ മൂന്നിലൊന്നും ഇന്ത്യക്കാരാണ്. മുൻവർഷങ്ങളിൽ ഒന്നാമതുണ്ടായിരുന്ന മെക്സിക്കൻ പൗരന്മാരെ പിന്നിലാക്കിയാണ് ഇന്ത്യക്കാർ ഈ പട്ടികയിൽ മുന്നിലെത്തിയത്.

കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട ഡാറ്റ പ്രകാരം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 1,712 ഇന്ത്യൻ പൗരന്മാരെയാണ് കാനഡയിൽ നിന്ന് പുറത്താക്കിയത്. ഇക്കാലയളവിൽ ആകെ പുറത്താക്കപ്പെട്ട 5,260 പേരുടെ 32.5 ശതമാനമാണിത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടതാണ് ഈ വർഷം ഇത്രയധികം ഇന്ത്യൻ പൗരന്മാരെ പുറത്താക്കാൻ കാരണമായതെന്നാണ് സൂചന. 2020-ന് ശേഷം ഇതാദ്യമായാണ് പുറത്താക്കപ്പെടുന്നവരിൽ ഇന്ത്യക്കാർ മെക്സിക്കക്കാരെ മറികടക്കുന്നത്.


ദേശീയ സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 841 പേരെ നിർബന്ധിതമായി നാടുകടത്തിയതായും ഏജൻസി വ്യക്തമാക്കി.

നിലവിൽ കാനഡയുടെ ‘നീക്കം ചെയ്യൽ പട്ടികയിൽ’ (Removal Inventory) ഉള്ളവരിലും ഇന്ത്യക്കാരാണ് കൂടുതൽ. ആകെ 31,482 പേരുള്ള പട്ടികയിൽ 6,980 പേർ (22%) ഇന്ത്യക്കാരായതിനാൽ വരും മാസങ്ങളിലും നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ തന്നെ മുന്നിലെത്താനാണ് സാധ്യത. ഒരിക്കൽ പുറത്താക്കപ്പെട്ടവർക്ക് കാനഡയിലേക്ക് മടങ്ങിവരണമെങ്കിൽ നൽകേണ്ട ഫീസും സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. നിശ്ചിത സുരക്ഷാ അകമ്പടിയോടെ പുറത്താക്കപ്പെട്ടവർ മടങ്ങിവരാൻ ഏകദേശം 12,800 കനേഡിയൻ ഡോളർ വരെ ഫീസായി നൽകേണ്ടി വരും. ഇത് കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു.

വിദേശയാത്രയ്ക്കും കുടിയേറ്റത്തിനുമായി തയ്യാറെടുക്കുന്നവർ രേഖകളുടെ സാധുതയും അതാത് രാജ്യങ്ങളിലെ നിയമങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!