ടെഹ്റാന്: അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ഇത് വെറുമൊരു സാമ്പത്തിക സമ്മര്‍ദമല്ലെന്നും, ഇറാനെതിരായ സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഈ സമീപനം ഒരു ജനതയെ തകര്‍ക്കാനുള്ള അമേരിക്കയുടെ ശ്രമമാണെന്നും, ഇത്തരം ക്രൂരതകള്‍ ഇനിയും സഹിക്കാനാവില്ലെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.
ഇറാന്റെ എണ്ണ കയറ്റുമതിയെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുന്ന ഈ നാവിക ഉപരോധം മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് പെസഷ്കിയാന് ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ഇത്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സൈനിക ആക്രമണങ്ങള്‍ക്ക് തുല്യമാണ്. ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫ് മേഖലയിലെയും അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകളാണെന്നും, തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ വീണ്ടും ആരംഭിക്കേണ്ടി വന്നേക്കാമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ തനിക്കും ചുരുക്കം ചിലര്‍ക്കും മാത്രമേ അറിയാവൂ എന്ന് അവകാശപ്പെട്ട ട്രംപ്, നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തിലാണെന്ന സൂചനയാണ് നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് മുറുകുന്നത് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിയിരിക്കുകയാണ്.
