Friday, May 1, 2026

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍

അബുദാബി: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ (OPEC) നിന്നുള്ള യുഎഇയുടെ ചരിത്രപരമായ പിന്മാറ്റം ഇന്ന് പ്രാബല്യത്തില്‍ വരും. 58 വര്‍ഷം നീണ്ടുനിന്ന അംഗത്വമാണ് യുഎഇ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 28-ന് യുഎഇ പ്രഖ്യാപിച്ച ഈ തീരുമാനം ആഗോള എണ്ണ വിപണിയില്‍ വലിയ ചലനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ സംഘടനയുടെ ഭാഗമായിരുന്ന യുഎഇയുടെ പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒപെക് നിശ്ചയിക്കുന്ന ഉല്‍പാദന നിയന്ത്രണങ്ങളോടുള്ള വിയോജിപ്പാണ് ഈ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. പ്രതിദിനം 48.5 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടായിട്ടും, ഒപെക് നിയന്ത്രണങ്ങള്‍ കാരണം അത് 32 ലക്ഷം ബാരലായി പരിമിതപ്പെടുത്തേണ്ടി വരുന്നത് തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായി യുഎഇ കരുതുന്നു. എണ്ണ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 15,000 കോടി ഡോളറിലധികം നിക്ഷേപം നടത്തിയ യുഎഇയ്ക്ക്, ഈ നിക്ഷേപത്തില്‍ നിന്ന് ലാഭം കൊയ്യാന്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, ഒപെക്കിനുള്ളില്‍ സൗദി അറേബ്യ പുലര്‍ത്തുന്ന ആധിപത്യവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ ഭിന്നതകളും ഈ തീരുമാനത്തിന് ആക്കം കൂട്ടി.

യുഎഇയുടെ ഈ പിന്മാറ്റം ഒപെക്കിന്റെ ആഗോള സ്വാധീനത്തെ സാരമായി ബാധിച്ചേക്കാം. 2019-ല്‍ ഖത്തറും 2024-ല്‍ അംഗോളയും പുറത്തുപോയതിന് പിന്നാലെ യുഎഇയും വിട്ടുപോകുന്നത് സംഘടനയുടെ ശക്തി കുറയ്ക്കും. ലോകത്തിലെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎഇയുടെ തീരുമാനം ഗുണകരമാകാനാണ് സാധ്യത. ഉല്‍പാദന പരിധി ഇല്ലാതാകുന്നതോടെ വിപണിയില്‍ കൂടുതല്‍ എണ്ണ ലഭ്യമാകാന്‍ ഇത് സഹായിക്കും. എന്നിരുന്നാലും, നിലവിലെ യുദ്ധസാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം എണ്ണവിലയില്‍ പെട്ടെന്നൊരു കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!