കാല്‍ഗറി: കാല്‍ഗറിയിലെ സംഗീത പരിപാടിക്കിടെ ഖലിസ്ഥാന്‍ പതാകയേന്തിയ സിഖ് വംശജരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്ത ഗായകന്‍ ദില്‍ജിത് ദോസാഞ്ചിനെതിരെ കനേഡിയന്‍ പൊലീസ് (CPS) കേസെടുത്തു. വേദിയില്‍ വെച്ച് ദില്‍ജിത് നടത്തിയ പരാമര്‍ശങ്ങള്‍ കാനഡയിലെ സിഖ് സമൂഹത്തിന് നേരെ അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ‘അവരെ പിടിച്ച് പുറത്തെറിയൂ’ എന്ന ദില്‍ജിത്തിന്റെ വാക്കുകള്‍ വീഡിയോയില്‍ പതിഞ്ഞത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ആരാധകരെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ കാനഡയുടെ ക്രിമിനല്‍ കോഡ് (സെക്ഷന്‍ 319(1)) പ്രകാരം വിദ്വേഷം പടര്‍ത്തുന്നതിനും ക്രമസമാധാന ലംഘനത്തിനുമുള്ള കുറ്റമായിട്ടാണ് കണക്കാക്കുന്നത്.
ഒരു പൊതുവേദിയില്‍ വെച്ച് ഒരു പ്രത്യേക വിഭാഗത്തിനെതിരെ ശാരീരികമായ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്യുന്നത് അക്രമത്തിന് വഴിതുറക്കുമെന്ന ആശങ്ക ശക്തമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഇത്തരം പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്നത് ഖലിസ്ഥാന്‍ പതാക ഏന്തിയ കനേഡിയന്‍ സിഖുകാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കോഡ് സെക്ഷന്‍ 175(1) പ്രകാരം പൊതുസ്ഥലത്ത് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനും സമാധാനാന്തരീക്ഷം തകര്‍ത്തതിനുമാണ് ദില്‍ജിത്തിനെതിരെ നിലവില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ദില്‍ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഖ് ഫോര്‍ ജസ്റ്റിസ് (SFJ) രംഗത്തെത്തി. തന്റെ താരപദവി ഉപയോഗിച്ച് കനേഡിയന്‍ സിഖുകാര്‍ക്കെതിരെ ഇന്തോ-കനേഡിയന്‍ ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിക്കാനാണ് ദില്‍ജിത് ശ്രമിച്ചതെന്നും ഇത് നേരിട്ടുള്ള അക്രമത്തിനുള്ള ആഹ്വാനമാണെന്നും സംഘടന ആരോപിച്ചു. കാനഡയില്‍ ഇത്തരത്തിലുള്ള അക്രമപ്രേരണകള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ദില്‍ജിത് ഉടന്‍ തന്നെ നിയമനടപടികള്‍ നേരിടുമെന്നും SFJ പ്രസ്താവനയിലൂടെ അറിയിച്ചു.
