Sunday, May 3, 2026

ഇന്ത്യയുമായി കൈകോർക്കാൻ കാനഡ; ന്യൂസിലൻഡ് കരാർ രൂപരേഖയാകും

ഓട്ടവ: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഈ മാസം ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുമായി സമാനമായ കരാറിന് ശ്രമിക്കുന്ന കാനഡയ്ക്ക് വലിയൊരു പാഠമാണെന്ന് സാമ്പത്തിക വിദഗ്ധർ. 2026 അവസാനത്തോടെ ഇന്ത്യയുമായി ‘സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ’ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കാനഡയ്ക്ക് ന്യൂസിലൻഡിന്റെ വിജയം ഒരു ‘ഗൈഡ്’ ആയി മാറുമെന്ന് ഏഷ്യ-പസഫിക് ഫൗണ്ടേഷൻ ഓഫ് കാനഡ വിലയിരുത്തുന്നു.

2010 മുതൽ ചർച്ചകൾ നടന്നിട്ടും ഫലം കാണാതിരുന്ന ഇന്ത്യ-ന്യൂസിലൻഡ് കരാർ, പുനരാരംഭിച്ച് വെറും ഒമ്പത് മാസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. ഇന്ത്യയുമായി നല്ല വിശ്വാസത്തോടെ നീങ്ങിയാൽ വേഗത്തിൽ കരാറിലെത്താം എന്നതിന്റെ തെളിവായി ഇത് മാറുന്നു.

നൂറ് ശതമാനം പരസ്പര സഹകരണം എന്ന കടുംപിടുത്തത്തിന് പകരം, പ്രായോഗികമായ വിട്ടുവീഴ്ചകൾക്ക് ന്യൂസിലൻഡ് തയ്യാറായി. ആദ്യ ദിവസം തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നൂറ് ശതമാനം നികുതി ഇളവ് നൽകാനും ആയുഷ് പോലുള്ള ഇന്ത്യയുടെ പാരമ്പര്യ വൈദ്യശാസ്ത്ര മേഖലകളെ അംഗീകരിക്കാനും അവർ തയ്യാറായതാണ് കരാർ വേഗത്തിലാക്കിയത്. പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും മാർക്ക് കാർണിയും തമ്മിൽ മാർച്ചിൽ നടത്തിയ കൂടിക്കാഴ്ചയിൽ 2026-ഓടെ കരാർ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ സമയപരിധി ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ന്യൂസിലൻഡ് മാതൃക പിന്തുടരുന്നത് ഗുണകരമാകും.

ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഈ മാസം അവസാനം ബിസിനസ് പ്രതിനിധി സംഘവുമായി കാനഡ സന്ദർശിക്കുമെന്ന് കരുതപ്പെടുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ കാനഡ-ഇന്ത്യ വ്യാപാര ചർച്ചകൾക്ക് പുതിയ വേഗത കൈവരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ വ്യാപാര കരാറുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ന്യൂസിലൻഡ് കരാറിലൂടെ വ്യക്തമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡയും ഇതേ മാതൃക പിന്തുടർന്നാൽ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!