കൊച്ചി: വലിയ പ്രതീക്ഷകളോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ട്വന്റി 20 കിഴക്കമ്പലത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായി ‘ചക്ക’ ചിഹ്നത്തിൽ മത്സരിച്ച ട്വന്റി 20 സ്ഥാനാർത്ഥികൾ പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരിച്ച 19 സീറ്റുകളിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ ശ്രദ്ധ നേടിയ അഖിൽ മാരാർ (തൃക്കാക്കര), അഞ്ജലി നായർ (തൃപ്പൂണിത്തുറ), ആതിര ഡി. നായർ (ഏറ്റുമാനൂർ) എന്നിവർ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് വെല്ലുവിളിയായില്ല. തൃക്കാക്കരയിൽ 11 റൗണ്ടുകൾ പിന്നിടുമ്പോൾ അഖിൽ മാരാർ 33,000-ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും ഏറ്റുമാനൂരിൽ ആതിര ഡി. നായരും പതിനായിരക്കണക്കിന് വോട്ടുകൾക്ക് പിന്നിലാണ് നൽക്കുന്നത്.
പാർട്ടിയുടെ സ്വാധീന മേഖലയായ എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി, പിറവം തുടങ്ങിയ ഒൻപത് സീറ്റുകളിലും ട്വന്റി 20 സ്ഥാനാർത്ഥികൾ ചിത്രത്തിലില്ലാത്ത അവസ്ഥയാണ്. ‘ചക്ക’ ചിഹ്നത്തെ പുകഴ്ത്തിയും റീലുകളിലൂടെയും നടത്തിയ വലിയ പ്രചാരണങ്ങൾ വോട്ടായി മാറിയില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഇനി വരും ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട ട്രോളുകൾ സജീവമായിരിക്കും
