കണ്ണൂർ: അരനൂറ്റാണ്ടിന് ശേഷം ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് സി.പി.എം കൂപ്പുകുത്തുമ്പോൾ, പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലും കനത്ത പരാജയം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് പോലും പാർട്ടി വിയർക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ ദൃശ്യമാകുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പാർട്ടിക്കുള്ളിലെ വിമത നീക്കങ്ങളും വിഭാഗീയതയുമാണ് കണ്ണൂരിലെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
പി. ജയരാജൻ, ഇ.പി. ജയരാജൻ എന്നിവർ മുഖ്യമന്ത്രിയുമായി അകന്നതും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷമുണ്ടായ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവും അണികൾക്കിടയിൽ അവിശ്വാസം വളർത്തി. കോടിയേരി ബാലകൃഷ്ണന്റെ അഭാവം പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധം വോട്ടെണ്ണലിൽ പ്രതിഫലിച്ചു. പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച വിമതൻ ടി.കെ. ഗോവിന്ദന്റെ മുന്നേറ്റം നേതൃത്വത്തിന് കനത്ത പ്രഹരമായി.

പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെയുള്ള രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളിൽ പാർട്ടി മധുസൂദനനെ പിന്തുണച്ചപ്പോൾ, അണികൾ വിമതപക്ഷത്തിനൊപ്പം നിന്നെന്നാണ് സൂചനകൾ. ഉറച്ച കോട്ടയെന്ന് കരുതിയ ധർമടത്ത് പിണറായി വിജയനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ് നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
സ്വന്തം ജില്ലയിൽ പാർട്ടി നേരിട്ട ഈ ചരിത്രപരമായ പരാജയം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സ്ഥാനത്തിന് ഭീഷണിയായേക്കാം. വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ അഴിച്ചുപണികൾക്കും അധികാരമാറ്റങ്ങൾക്കും ഈ ജനവിധി കാരണമായേക്കും.
