ടൊറന്റോ: ഇന്ധനവില വർധനയും സാമ്പത്തിക വെല്ലുവിളികളും തുടരുന്നതിനിടയിൽ, ഏപ്രിൽ മാസത്തിലെ വാഹന വിപണിയിൽ 3.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഡെസ്റോഷിയേഴ്സ് ഓട്ടോമോട്ടീവ് കൺസൾട്ടന്റ്സ് ഇൻകോർപ്പറേഷൻ റിപ്പോർട്ട്. ഏകദേശം 1,78,000 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ കുറവുണ്ടായെങ്കിലും, നിലവിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വിപണി ഭേദപ്പെട്ട നിലവാരം പുലർത്തിയതായി ഓട്ടോമോട്ടീവ് കൺസൾട്ടന്റ്സ് വിലയിരുത്തുന്നു.
ഇന്ധനവില കുതിച്ചുയരുന്നതും വ്യാപാര രംഗത്തെ അനിശ്ചിതത്വവുമാണ് വിപണിയെ ബാധിച്ച പ്രധാന ഘടകങ്ങൾ. മാർച്ച് മാസത്തിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ കണ്ട വലിയ കുതിപ്പ് ഏപ്രിൽ ആയപ്പോഴേക്കും നേരിയ തോതിൽ കുറഞ്ഞതായും ഡെസ്റോഷിയേഴ്സ് മാനേജിംഗ് പാർട്ണർ ആൻഡ്രൂ കിംഗ് ചൂണ്ടിക്കാട്ടി

എങ്കിലും വരും മാസങ്ങളിൽ ഇലക്ട്രിക് വാഹന വിൽപന വീണ്ടും വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ടെസ്‌ല തങ്ങളുടെ മോഡൽ 3 വാഹനങ്ങളുടെ വില കുറച്ചതും, 50,000 ഡോളറിന് താഴെയുള്ള വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന 5,000 ഡോളർ വരെയുള്ള ആനുകൂല്യങ്ങളും കൂടുതൽ ആളുകളെ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വിപണിക്ക് പുതിയ കരുത്ത് പകരുമെന്ന് വിദഗ്ധർ കരുതുന്നത്.
