ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണി കാനഡയുടെ പുതിയ ഗവർണർ ജനറലിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഓട്ടവയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും നിർണ്ണായകമായ ഈ പ്രഖ്യാപനം നടക്കുക. ബ്രിട്ടിഷ് രാജാവിന്റെ പ്രതിനിധിയായ ഗവർണർ ജനറലിനെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് നിയമിക്കുന്നത്. സാധാരണയായി അഞ്ച് വർഷമാണ് ഈ പദവിയുടെ കാലാവധി.
കാനഡയിലെ ആദ്യ ഇൻഡിജിനസ് ഗവർണർ ജനറലായ മേരി സൈമൺ ഈ വരുന്ന ജൂലൈയിൽ തന്റെ അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കും. മേരി സൈമൺ ഇംഗ്ലീഷും ഇനക്റ്റിറ്റൂട്ടും (Inuktitut) സംസാരിക്കുമെങ്കിലും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമില്ലാത്തത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഫ്രഞ്ച് ഭാഷ പഠിക്കാൻ അവർ ശ്രമം നടത്തിയെങ്കിലും അതിൽ പൂർണ്ണ വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

ഭാഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പുതിയ ഗവർണർ ജനറൽ ഇംഗ്ലീഷും ഫ്രഞ്ചും ഒരുപോലെ സംസാരിക്കാൻ കഴിവുള്ള വ്യക്തിയായിരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിക്കലിന്റെ മുന്നോടിയായി മേരി സൈമണും ഭർത്താവ് വിറ്റ് ഫ്രേസറും താമസത്തിനായി പുതിയ അപ്പാർട്ട്‌മെന്റ് തിരഞ്ഞു തുടങ്ങിയതായി കഴിഞ്ഞ മാസം ‘ഗ്ലോബ് ആൻഡ് മെയിൽ’ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
