Thursday, May 7, 2026

പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിയില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചു. മുന്നണി നേതൃത്വം ഒരാളിലേക്ക് മാത്രം ചുരുങ്ങാതിരിക്കാനും കൂട്ടായ തീരുമാനങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. നിയമസഭാ കക്ഷി നേതാവായി കെ. രാജനെയും ഉപനേതാവായി പി. പ്രസാദിനെയും പാര്‍ട്ടി നിശ്ചയിച്ചു. ജി.ആര്‍. അനില്‍ പാര്‍ട്ടി വിപ്പായും കെ.കെ. വത്സരാജ് നിയമസഭാ കക്ഷി സെക്രട്ടറിയായും പ്രവര്‍ത്തിക്കും.

സര്‍ക്കാരിനെതിരെയുള്ള ശക്തമായ വിരുദ്ധ വികാരമാണ് കനത്ത പരാജയത്തിന് കാരണമായതെന്നാണ് സിപിഐയുടെ പ്രാഥമിക വിലയിരുത്തല്‍. പാര്‍ട്ടിയിലെ വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമര്‍ത്തിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച പാളിച്ചകളും തിരിച്ചടിക്ക് ആക്കം കൂട്ടി. കൂടാതെ, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമില്ല എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്ന വിമര്‍ശനം പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നു കഴിഞ്ഞു.

അപ്രതീക്ഷിതമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സിപിഐഎമ്മും വിശദമായ പരിശോധനകളിലേക്ക് കടക്കുകയാണ്. ഇടതുപക്ഷ കോട്ടകളില്‍ പോലും വോട്ടുകള്‍ ചോര്‍ന്നത് ഗൗരവകരമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. താഴെത്തട്ടിലുള്ള എല്ലാ ഘടകങ്ങളും വിളിച്ചു ചേര്‍ക്കുമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭയമില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാന്‍ അവസരമുണ്ടാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇരു പാര്‍ട്ടികളും പരാജയ കാരണങ്ങള്‍ വിപുലമായി ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!