വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ലൈംഗികാതിക്രമ കുറ്റവാളി ജെഫ്രി എപ്സ്റ്റീന് മരിക്കുന്നതിന് മുന്‍പ് എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി പരസ്യപ്പെടുത്തി. 2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ അതീവ സുരക്ഷാ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തുവന്ന ഈ കുറിപ്പില്‍ ജയില്‍ അധികൃതര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എപ്സ്റ്റീന് ഉന്നയിച്ചിരിക്കുന്നത്.
താന്‍ ജയിലിനുള്ളില്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടുവെന്നും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. ‘അവര്‍ മാസങ്ങളോളം അന്വേഷിച്ചു, പക്ഷേ ഒന്നും കണ്ടെത്തിയില്ല’ എന്ന വാചകം അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയെ പരിഹസിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ അഭിഭാഷകര്‍ക്ക് നല്‍കാനായി തയ്യാറാക്കിയ രീതിയിലുള്ള ഈ കുറിപ്പ്, എപ്സ്റ്റീന്റെ മരണത്തിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വീണ്ടും ജീവന് നല്‍കിയിരിക്കുകയാണ്. എപ്സ്റ്റീന് മരിക്കുന്ന സമയത്ത് ജയിലിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറക്കത്തിലായിരുന്നതും നേരത്തെ തന്നെ വലിയ വിവാദമായിരുന്നു.

എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തണമെന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ഈ സുപ്രധാന നീക്കം നടത്തിയത്. ഈ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം ആത്മഹത്യ തന്നെയാണെങ്കിലും, ഈ പുതിയ വെളിപ്പെടുത്തല്‍ എപ്സ്റ്റീന്റെ ഇരകള്‍ക്കും ലോകമെമ്പാടുമുള്ള അന്വേഷകര്‍ക്കും ഒരുപോലെ നിര്‍ണായകമാണ്.
