ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രണ്ടാം ദിവസവും മടക്കി അയച്ചു. ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായ 118 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രം തിരികെ എത്താനാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇന്ന് രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയിലും കൃത്യമായ അംഗസംഖ്യ ബോധ്യപ്പെടുത്താന്‍ ടി.വി.കെയ്ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ 112 എം.എല്‍.എമാരുടെ ഒപ്പുകള്‍ അടങ്ങിയ കത്താണ് വിജയ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ഇതില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയും ഉള്‍പ്പെടുന്നു. എന്നാല്‍, 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേരുടെ പിന്തുണ അനിവാര്യമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ‘ദയവായി 118 ഒപ്പുകളുമായി വരൂ, ടി.വി.കെയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കൂ, അപ്പോള്‍ സത്യപ്രതിജ്ഞ നടക്കും’ എന്ന് ഗവര്‍ണര്‍ വിജയിനോട് പറഞ്ഞതായാണ് രാജ്ഭവന് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം സ്ഥിരത ഉറപ്പാക്കണമെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍. കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടപ്പോള്‍ ആവശ്യമായ പിന്തുണയുണ്ടെന്ന് വിജയ് വാക്കാല്‍ അറിയിച്ചിരുന്നുവെങ്കിലും, രേഖാമൂലമുള്ള തെളിവ് വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ കൃത്യമായ പട്ടിക സമര്‍പ്പിച്ചാല്‍ മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളിലാകും വിജയും ടി.വി.കെ നേതൃത്വവും.
