ഓട്ടവ: കാനഡയുടെ സമ്പദ്വ്യവസ്ഥയിൽ അപ്രതീക്ഷിത തിരിച്ചടി നൽകിക്കൊണ്ട് ഏപ്രിൽ മാസത്തിൽ 18,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 6.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് ഏപ്രിലിൽ 6.9 ശതമാനത്തിലെത്തിയത്. ഇത് കഴിഞ്ഞ വർഷം ഒക്ടോബറിലെ നിരക്കിന് തുല്യമാണ്. ജനുവരി മുതൽ രാജ്യത്ത് ആകെ 1,12,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഉൽപ്പാദന മേഖല, ഹോൾസെയിൽ വ്യാപാരം എന്നീ മേഖലകളിലാണ് തിരിച്ചടിയുണ്ടായത്. lകെബെക്ക് പ്രവിശ്യയിൽ മാത്രം 43,000 പേർക്ക് തൊഴിൽ നഷ്ടമായി. ഒന്റാരിയോ പ്രവിശ്യയിൽ ആരോഗ്യ മേഖലയിലും സോഷ്യൽ അസിസ്റ്റൻസ് രംഗത്തുമായി 42,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ ശരാശരി മണിക്കൂർ വേതനത്തിൽ 4.5 ശതമാനം വർധനയും രേഖപ്പെടുത്തി.

സ്ഥിരമായ പിരിച്ചുവിടലുകൾ മൂലമല്ല ഈ വർധന ഉണ്ടായതെന്നത് ആശ്വാസകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മികച്ച അവസരങ്ങൾ തേടി നിലവിലെ ജോലി രാജിവെക്കു ന്നവരുടെ എണ്ണം കൂടിയതും തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയും എണ്ണവില വർധനവും കാനഡയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുമായുള്ള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ബാങ്ക് ഓഫ് കാനഡ സ്വീകരിക്കുന്ന പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളിൽ ഈ കണക്കുകൾ നിർണ്ണായകമാകും.
