കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ ആധിപത്യം അവസാനിപ്പിച്ച് പശ്ചിമ ബംഗാളില്‍ ആദ്യമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിനെ സുവേന്ദു അധികാരി നയിക്കും. ശനിയാഴ്ച രാവിലെ 11-ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ സുവേന്ദു അധികാരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു, ഇന്ന് ബിജെപിയുടെ ബംഗാളിലെ കരുത്തുറ്റ മുഖമായാണ് മുഖ്യമന്ത്രി പദവിയില്‍ ഉപവിഷ്ടനായത്.
ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി മാറിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. സുവേന്ദുവിനൊപ്പം അഗ്നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കീര്‍ത്തനിയ, ക്ഷുദിറാം ടുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 തന്നെ സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് ബംഗാളി വികാരം കൂടി അനുകൂലമാക്കാനുള്ള ബിജെപി നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ അവരുടെ സ്വന്തം കോട്ടയായ ഭവാനിപുരില്‍ പരാജയപ്പെടുത്തിയാണ് സുവേന്ദു ചരിത്ര വിജയം സ്വന്തമാക്കിയത്. നിയമസഭയിലെ 294 സീറ്റുകളില്‍ 207 എണ്ണം പിടിച്ചെടുത്താണ് ബിജെപി വന്‍ ഭൂരിപക്ഷം നേടിയത്; തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ടെടുപ്പിന് ശേഷം ബിജെപി അധികാരം മോഷ്ടിച്ചതാണെന്നാരോപിച്ച് മമത ബാനര്‍ജി രാജിവെക്കാന്‍ വിസമ്മതിച്ചത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നെങ്കിലും, ഒടുവില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വഴിതുറന്നത്.
