ന്യൂഡൽഹി: പ്രമുഖ വ്യവസായിയായിരുന്ന പരേതനായ സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തിനെച്ചൊല്ലിയുള്ള കുടുംബാംഗങ്ങളുടെ നിയമപോരാട്ടം അതിരുകടക്കുന്നതിനിടെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഹർജികളുടെ പ്രവാഹം കണ്ട ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ച്, ഈ തർക്കവുമായി താരതമ്യം ചെയ്യുമ്പോൾ “മഹാഭാരതം പോലും ചെറുതായി തോന്നും” എന്ന് പരിഹാസരൂപേണ അഭിപ്രായപ്പെട്ടു. സഞ്ജയ് കപൂറിന്റെ 80 വയസ്സുള്ള മാതാവ് റാണി കപൂറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കുടുംബസ്വത്തിന്റെ ഭൂരിഭാഗവും കൈവശം വെച്ചിരിക്കുന്ന ‘രഘുവംശി ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ (RIPL) മെയ് 18-ന് നടത്താനിരുന്ന ബോർഡ് മീറ്റിംഗ് തടയണമെന്ന് അവർ ആവശ്യപ്പെട്ടു. കോടതി നിർദ്ദേശിച്ച മധ്യസ്ഥ ചർച്ചകളെ മറികടക്കാനുള്ള തട്ടിപ്പാണിതെന്ന് അവർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ തർക്കം പരിഹരിക്കാനായി കോടതി മധ്യസ്ഥനായി നിയമിച്ചിരുന്നു. ആർ.കെ ട്രസ്റ്റ്, സോണ കോംസ്റ്റാർ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിലാണ് മധ്യസ്ഥത നടക്കുന്നത്.

സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂറിനെതിരെയും റാണി കപൂർ ഹർജി നൽകിയിട്ടുണ്ട്. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഫാമിലി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ പ്രിയ ഇടപെടുന്നത് തടയണമെന്നാണ് ആവശ്യം. സഞ്ജയ് കപൂറിന്റെ വിൽപത്രത്തെച്ചൊല്ലി പ്രിയ കപൂറും, സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യയായിരുന്ന നടി കരിഷ്മ കപൂറിലുള്ള മക്കളായ കിയാനും സമൈറയും തമ്മിൽ മറ്റൊരു കേസ് നടക്കുന്നുണ്ട്. പ്രിയ കപൂർ വ്യാജ വിൽപത്രം ചമച്ചു എന്നാണ് മക്കളുടെ ആരോപണം. സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപൂറും പ്രിയ കപൂറും തമ്മിൽ പരസ്പരം അപകീർത്തിപ്പെടു ത്തിയെന്ന പരാതിയിൽ ഡൽഹി ഹൈക്കോടതിയും നേരത്തെ അതൃപ്തി രേഖപ്പെടു ത്തിയിരുന്നു. കുടുംബാംഗങ്ങൾ മാന്യതയോടെ പെരുമാറണമെന്നും പരസ്യമായ ചെളിവാരിയെറിയലുകൾ ഒഴിവാക്കണമെന്നും കോടതികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണം വർധിക്കുകയാണ്. റാണി കപൂർ നൽകിയ പുതിയ ഹർജി മെയ് 14-ന് (വ്യാഴാഴ്ച) സുപ്രീം കോടതി പരിഗണിക്കും.
