തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ആകാംക്ഷകള്‍ അതിന്റെ അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് നിലവിലെ വിവരം. എന്നാല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും തമ്മില്‍ നടത്തുന്ന സുദീര്‍ഘമായ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉച്ചയ്ക്ക് ശേഷം ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നതോടെ സസ്പെന്‍സിന് വിരാമമാകും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നാണ് സൂചനകള്‍.
മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അസ്വസ്ഥതയുണ്ടെന്ന തുറന്നുപറച്ചിലുമായി മുതിര്‍ന്ന നേതാവ് കെ. മുരളീധരന് രംഗത്തെത്തി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ സമയം മാറ്റിയതിനെക്കുറിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകിട്ട് ഏഴ് മണി വരെ താന്‍ തിരുവനന്തപുരത്തുണ്ടാകുമെന്നും, അതിനുശേഷം നിശ്ചയിച്ച ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം എത്രയും വേഗം പൂര്‍ത്തിയാക്കി അനിശ്ചിതത്വം ഒഴിവാക്കണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗം പ്രഖ്യാപനത്തിന് ശേഷമുള്ള പാര്‍ട്ടി നിലപാടുകള്‍ക്ക് രൂപം നല്‍കും. അതിനുശേഷമാകും ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കുക. മുഖ്യമന്ത്രിയെ നിശ്ചയിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ യുഡിഎഫ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളം പുതിയ ഭരണത്തലവനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
