തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത് ടീം യുഡിഎഫ് ആണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്. കഠിനാധ്വാനം ചെയ്ത ലക്ഷകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. കേരളത്തിലെ ജനങ്ങള്‍ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എഐസിസി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്. കോണ്‍ഗ്രസ് അധ്യക്ഷനോടും രാഹുല്‍ ഗാന്ധിയോടും നന്ദി അറിയിക്കുന്നതായി വിഡി സതീശന് പ്രതികരിച്ചു.
അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയേയും എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനേയും പൂര്‍ണമായി വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഏറ്റവുമധികം സഹായിച്ചത് എഐസിസിയാണ്. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ ക്യാംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ഒരുമിച്ചു നില്‍ക്കണം. പുതുയുഗം സൃഷ്ടിക്കാന്‍ എല്ലാവരും ചേര്‍ന്ന പ്രവര്‍ത്തനത്തിനേ കഴിയൂ.
ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ടീമായി പ്രവര്‍ത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതില്‍ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ല” – സതീശന് പറഞ്ഞു.
