Saturday, May 16, 2026

‘ലക്ഷ്യം വ്യാജന്മാരെ, യുവാക്കളെയല്ല’; ‘ജോലിയില്ലാത്ത പാറ്റകൾ’ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ ‘ജോലിയില്ലാത്ത പാറ്റകൾ’ എന്ന തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്തെത്തി. കേസ് പരിഗണിക്കുന്നതിനിടെ താൻ നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളെ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ നിയമ മേഖലയിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കടന്നുകൂടി വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്ന ‘അനാവശ്യ ശക്തികളെ’യാണ് താൻ വിമർശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കളെ വികസിത രാജ്യത്തിന്റെ തൂണുകളായാണ് താൻ കാണുന്നതെന്നും അവരുടെ കഴിവിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഒരു അഭിഭാഷകന് സീനിയർ പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. പദവിക്കായി ആക്രോശത്തോടെ വാദിച്ച ഹർജിക്കാരന്റെ പെരുമാറ്റത്തെയും ഫേസ്ബുക്കിൽ അദ്ദേഹം ഉപയോഗിച്ച മോശം ഭാഷയെയും കോടതി കഠിനമായി ശാസിച്ചു. ഡൽഹി ഹൈക്കോടതി സീനിയർ പദവി നൽകിയാൽ പോലും ഔദ്യോഗിക പെരുമാറ്റം കണക്കിലെടുത്ത് സുപ്രീം കോടതി അത് റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രകോപിതനായി വ്യക്തമാക്കുകയുണ്ടായി.

ഈ വാദത്തിനിടയിലാണ്, വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികളെപ്പോലെ തൊഴിൽ മേഖലയിൽ ഒരിടവുമില്ലാത്ത ചില ചെറുപ്പക്കാർ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വിവരാവകാശ രംഗത്തും കടന്നുകൂടി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. ഇതാണ് പിന്നീട് മാധ്യമങ്ങളിൽ യുവാക്കൾക്കെതിരെയുള്ള വിമർശനമായി വലിയ തോതിൽ പ്രചരിച്ചത്. തുടർന്നാണ്, യോഗ്യതയില്ലാത്ത വ്യാജന്മാരെ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ചീഫ് ജസ്റ്റിസിന് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!