ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണർ അംഗീകാരം നൽകി. മുഖ്യമന്ത്രി വിജയ് തന്നെയാണ് പൊതുഭരണം, ആഭ്യന്തരം, പോലീസ്, നഗരസഭ ഭരണം, വനിതാ-യുവജന ക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. മുതിർന്ന രാഷ്ട്രീയ നേതാവായ കെ.എ. സെങ്കോട്ടയ്യനെ പുതിയ ധനകാര്യ, പെൻഷൻ വകുപ്പ് മന്ത്രിയായി നിയമിച്ചു.
പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരായ എൻ. ആനന്ദിന് ഗ്രാമവികസനം, പഞ്ചായത്തുകൾ, ജലവിഭവം എന്നിവയും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ആദവ് അർജുനയ്ക്ക് പൊതുമരാമത്ത്, ദേശീയപാതകൾ, കായിക വികസനം എന്നീ വകുപ്പുകളും നൽകി. ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാറിനാണ് ഊർജ്ജം, വൈദ്യുതി, നിയമം, ജയിലുകൾ, അഴിമതി നിരോധനം എന്നീ നിർണ്ണായക വകുപ്പുകളുടെ ചുമതല.

രാജ്മോഹൻ സ്കൂൾ വിദ്യാഭ്യാസം, സിനിമ, വിവര-പൊതുജനസമ്പർക്ക വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ഡോ. കെ.ജി. അരുൺരാജ് പുതിയ ആരോഗ്യ മന്ത്രിയാകും. പാർട്ടിയുടെ ട്രഷറർ പി. വെങ്കിട്ടരാമന് ഭക്ഷ്യ-പൊതുവിതരണ വകുപ്പും ഡോ. ടി.കെ. പ്രഭുവിന് പ്രകൃതിവിഭവങ്ങൾ, ഖനി എന്നീ വകുപ്പുകളും അനുവദിച്ചിട്ടുണ്ട്.
