തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ അതിരൂക്ഷ വിമര്‍ശനം. കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും കടുത്ത അതൃപ്തിയാണ് ഉയര്‍ന്നുവന്നത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം നൂറ്റാണ്ടിന്റെ മണ്ടത്തരമാണെന്നും, ഈ തീരുമാനം തിരുത്തണമെന്നും കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികളില്‍ ആവശ്യമുയര്‍ന്നു. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് ഈ രണ്ട് നേതാക്കളുടെയും ശൈലിയാണ് ഇടതിന് കനത്ത പരാജയം സമ്മാനിച്ചതെന്ന് യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. തളിപ്പറമ്പില്‍ പി. കെ. ശ്യാമളക്കെതിരെയുള്ള പ്രാദേശിക എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന തോന്നല്‍ ഉണ്ടാക്കിയത് തിരിച്ചടിയായെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഈ രണ്ട് മണ്ഡലങ്ങളിലെയും തര്‍ക്കങ്ങള്‍ മലബാറിലാകെ പാര്‍ട്ടിക്ക് വിപരീത വികാരമുണ്ടാക്കി. ഇതിനുപുറമെ, തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് വിശദീകരിക്കുന്നതില്‍ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന് വ്യക്തതയില്ലായിരുന്നെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ഏറ്റവും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായത് കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലാണ്. എം. വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തില്‍, പിണറായി വിജയന്റെ ഏകാധിപത്യ പ്രവണത തുടര്‍ന്നാല്‍ സി. പി. രാമസ്വാമി അയ്യരുടെ ഗതിയാകും ഉണ്ടാകുകയെന്ന് പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. 62 വയസുള്ള വി. ഡി. സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ള പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് അവകാശപ്പെട്ടിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെയും പ്രതിനിധികള്‍ ചോദ്യം ചെയ്തു. പിണറായിയും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അമിത സൗഹൃദം കാരണം 140 മണ്ഡലങ്ങളിലും ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും, ഈ തീരുമാനം തിരുത്തിയില്ലെങ്കില്‍ ബിജെപി നേതാവ് വി. മുരളീധരന്‍ പ്രതിപക്ഷ നേതാവാകുന്ന സ്ഥിതി വരുമെന്നും ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി മാറുമെന്നും കൊല്ലത്ത് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലും പിണറായി വിജയന്റെയും എം. വി. ഗോവിന്ദന്റെയും പ്രവര്‍ത്തനശൈലിക്കെതിരെ സമാനമായ രീതിയില്‍ വിമര്‍ശനം ആവര്‍ത്തിച്ചു. വടകര സീറ്റ് പിടിച്ചെടുക്കാനെന്ന പേരില്‍ ജനപ്രിയ നേതാവായ കെ. കെ. ശൈലജയെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിച്ചത് ജനങ്ങളെ പുച്ഛിക്കുന്നതിന് തുല്യമായിപ്പോയെന്ന് പ്രതിനിധികള്‍ പറഞ്ഞു. അത്രയ്ക്ക് ധീരത കാട്ടണമായിരുന്നെങ്കില്‍ പിണറായി വിജയനായിരുന്നു വടകരയില്‍ മത്സരിക്കേണ്ടിയിരുന്നത്. എം. വി. ഗോവിന്ദന്‍ ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും കുറഞ്ഞത് 100 പേരെങ്കിലും പാര്‍ട്ടിക്ക് എതിരാകുന്നുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പിലും സ്വന്തം ഇഷ്ടക്കാര്‍ക്കായി പാര്‍ട്ടി നയങ്ങള്‍ മാറ്റുകയാണെന്നും, ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാന്‍ ഒരു നയവും അല്ലാത്തവര്‍ക്ക് മറ്റൊരു നയവുമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുണ്ടായി.
