ചെന്നൈ: നടൻ വിജയ്‌യോട് അസൂയില്ലെന്നും മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനമാണെന്നും വ്യക്തമാക്കി സൂപ്പർതാരം രജനീകാന്ത്. പോയസ് ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്‌യുടെ മുഖ്യമന്ത്രി മോഹങ്ങൾക്കു തടയിടാനോ പാർട്ടികൾ ലയിപ്പിക്കാനോ ഉള്ള ശ്രമമായിരുന്നില്ല സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്നും രജനി പറഞ്ഞു. ”എനിക്കെതിരെ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രി വിജയ്‌യോട് എനിക്ക് അസൂയയാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ എനിക്ക് മുഖ്യമന്ത്രി വിജയ്‌യോട് ഒട്ടും അസൂയയില്ല, വിജയ്‌യുടെ വളർച്ചയിൽ എനിക്ക് സന്തോഷമേയുള്ളൂ.” വിജയ്‌ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച താരം, അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ടെന്നും തന്റെ ഭാഗത്തുനിന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അറിയിച്ചു. കുളത്തൂരിൽ എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതിൽ തനിക്ക് വലിയ ദുഃഖം തോന്നിയെന്നുംഎന്ന് അദ്ദേഹം പറഞ്ഞു. മറ്റൊന്നിനെക്കുറിച്ചും അനാവശ്യമായി സംസാരിക്കാൻ താൻ ഒരു വിലകുറഞ്ഞ വ്യക്തിയല്ല” എന്ന് പറഞ്ഞുകൊണ്ട് നടൻ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടും ശക്തമായി പ്രതികരിച്ചു. 2021 ൽ താൻ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

താനും വിജയ്‌യും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും അദ്ദേഹം പ്രശംസിച്ചു. ‘‘വിജയ്‌നെ ചെറുപ്പം മുതലേ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ എന്തിന് ഞാൻ അസൂയപ്പെടണം? അതും 52ാം വയസ്സിൽ എംജിആറിനെക്കാളും എൻടിആറിനെക്കാളും അദ്ദേഹം നേട്ടമുണ്ടാ ക്കിയിട്ടുണ്ടെന്നും രജനീകാന്ത് പറഞ്ഞു.തമിഴ്, തെലുങ്ക് സിനിമകളിലെ താരങ്ങളായിരുന്ന എംജിആറും എൻടിആറും പിന്നീട് യഥാക്രമം തമിഴ്നാടിന്റെയും അന്നത്തെ ആന്ധ്രാ പ്രദേശിന്റെയും മുഖ്യമന്ത്രിമാരായിരുന്നു. ദ്രാവിഡ കക്ഷികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും തോൽപ്പിച്ച് 108 സീറ്റുകൾ നേടി ടിവികെ സർക്കാർ രൂപീകരിച്ച വിജയ്‌യെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യകാരണങ്ങളാലാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്നതെന്നും ആരാധകർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയെ പിന്തുണ യ്ക്കാമെന്നും രജനീകാന്ത് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവർത്തിച്ചു തെളിയിക്കാൻ വിജയ്‌യെ രണ്ട് വർഷം അനുവദിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
