ഓട്ടവ: നിർമ്മാണ മേഖല പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും, അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഭവനനിർമ്മാണത്തിന്റെ വേഗത ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് ലിബറൽ സർക്കാർ. വാടകച്ചെലവും വീട് വാങ്ങാനുള്ള ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണി മുൻപോട്ടു വെച്ച ഈ പദ്ധതി, അടുത്തിടെ പുറത്തിറങ്ങിയ വസന്തകാല സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കൃത്യമായി പരാമർശിക്കാത്തത് ചർച്ചയായിരുന്നു. എന്നാൽ, ഭവന നിർമ്മാണ മന്ത്രി ഗ്രെഗർ റോബർട്ട്സന്റെ വക്താവ് മുഹമ്മദ് ഹുസൈൻ സർക്കാർ ഈ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. പുതിയ വീട് വാങ്ങുന്നവർക്കുള്ള ജിഎസ്ടി ഒഴിവാക്കലും, ‘ബിൽഡ് കാനഡ ഹോംസ്’ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വഴി ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
എന്നാൽ, പാർലമെന്ററി ബജറ്റ് ഓഫീസർ (PBO) അനെറ്റ് റയാൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാനഡയിൽ പുതിയ ഭവനനിർമ്മാണങ്ങളുടെ വേഗത കുറയുന്നതായാണ് സൂചന. സർക്കാരിന്റെ പുതിയ ഏജൻസിയായ ബിൽഡ് കാനഡ ഹോംസിന് അഞ്ച് വർഷം കൊണ്ട് ഏകദേശം 26,000 വീടുകൾ മാത്രമേ അധികമായി നിർമ്മിക്കാൻ സാധിക്കൂ എന്നും, ഇത് പ്രഖ്യാപിത ലക്ഷ്യത്തിലെത്താൻ തികയില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മന്ദഗതിയിലുള്ള സാമ്പത്തികാവസ്ഥ കാരണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭവനനിർമ്മാണം ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷനും (CMHC) പ്രവചിച്ചിരുന്നു. ഇതോടെ, ലിബറൽ സർക്കാർ ഭവനനിർമ്മാണത്തിൽ വലിയ പരാജയമാണെന്ന വിമർശനവുമായി കൺസർവേറ്റീവ് പാർട്ടി അംഗം സ്കോട്ട് ഐച്ചിസൺ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഒന്റാരിയോ പ്രവിശ്യയൊഴികെ കാനഡയിലെ മറ്റ് ഭാഗങ്ങളിൽ 2025-ൽ റെക്കോർഡ് ഭവനനിർമ്മാണമാണ് നടന്നതെന്ന് ബിസിനസ് കൗൺസിൽ ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ദ്ധൻ മാർക്ക് ഡെസോർമോ വ്യക്തമാക്കി. ടൊറന്റോയിൽ വിറ്റുപോകാത്ത കോണ്ടോകൾ (Condos) കുന്നുകൂടിയതും ജനസംഖ്യാ വളർച്ചയിലെ മന്ദതയുമാണ് ഒന്റാരിയോയിലെ നിർമ്മാണ മേഖലയെ ബാധിച്ചത്. കൂടാതെ, ഇറാൻ യുദ്ധം കാരണം നിർമ്മാണച്ചെലവും പലിശനിരക്കും ഉയരുന്നതും വരും മാസങ്ങളിൽ ഈ മേഖലയ്ക്ക് തിരിച്ചടിയായേക്കാം. എങ്കിലും, ഇത്തരം വലിയ ലക്ഷ്യങ്ങൾ മുൻപോട്ടു വെക്കുന്നത് സ്വകാര്യ മേഖലയെയും പ്രവിശ്യകളെയും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
