ഓട്ടവ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പുതിയ അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കുന്നത് പ്രാദേശിക യാത്രാ വിപണിയിലെ വലിയ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ. കഴിഞ്ഞ വെള്ളിയാഴ്ച എയർ ട്രാൻസാറ്റ് ഓട്ടവയിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള ആദ്യ സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം എയർ കാനഡ ലണ്ടനിലെ ഹീത്രൂവിലേക്ക് സർവീസ് പുനരാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ റൂട്ടാണിത്. ഇതോടൊപ്പം പോർട്ടർ എയർലൈൻസും മയാമി, ഫീനിക്സ്, കോസ്റ്റാറിക്ക തുടങ്ങിയ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓട്ടവയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് സമയത്ത് ഓട്ടവയ്ക്ക് നഷ്ടമായ വിദേശ സർവീസുകൾ 2023-ൽ എയർ ഫ്രാൻസ് പാരിസിലേക്ക് നേരിട്ട് സർവീസ് തുടങ്ങിയതോടെയാണ് വീണ്ടെടുത്തത്. എയർപോർട്ട് അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഇവിടെ വിദേശയാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത് കണക്റ്റിങ് ഫ്ലൈറ്റ് പിടിക്കുന്നതിനേക്കാൾ ഓട്ടവയിൽ നിന്ന് തന്നെ നേരിട്ട് യൂറോപ്പിലേക്ക് പോകാൻ സാധിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് യാത്രക്കാരും വ്യക്തമാക്കുന്നു.

യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കുതിച്ചുയരുന്ന ഇന്ധനവില വിമാനക്കമ്പനികൾക്ക് നിലവിൽ വലിയ വെല്ലുവിളിയാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ അസ്ഥിരത തങ്ങളെ ബാധിക്കുന്നതായി എയർ ട്രാൻസാറ്റ് അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ദീർഘകാലമായി അടഞ്ഞുകിടക്കുന്നതാണ് ആഗോളതലത്തിൽ വ്യോമയാന ഇന്ധനവില വർദ്ധിക്കാൻ പ്രധാന കാരണമെന്നും ഇത് കമ്പനികളുടെ ബഡ്ജറ്റിനെയും ദൈനംദിന ചെലവുകളെയും ബാധിക്കുന്നതായും വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടി.
