ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ യാത്രാക്ലേശം ഇരട്ടിയാക്കുമായിരുന്ന പൊതുഗതാഗത പണിമുടക്ക് ഒടുവിൽ ഒഴിവായി. ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനും (TTC), എണ്ണൂറോളം ഇലക്ട്രിക്കൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സി.യു.പി.ഇ ലോക്കൽ 2 (CUPE Local 2) യൂണിയനും തമ്മിൽ തിങ്കളാഴ്ച താൽക്കാലിക കരാറിലെത്തിയതോടെ യാണിത്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ടി.ടി.സിയിലെ പണിമുടക്ക് ഒഴിവായത് നഗരവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ജീവനക്കാർക്ക് അർഹമായ വേതനം ഉറപ്പാക്കുന്നതോടൊപ്പം നികുതിദായകർക്കും യാത്രക്കാർക്കും അധിക ബാധ്യതയാകാത്ത രീതിയിലാണ് ഈ ഒരു വർഷത്തെ താൽക്കാലിക കരാർ രൂപീകരിച്ചിരിക്കുന്നതെന്ന് ടി.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മന്ദീപ് എസ്. ലാലി വ്യക്തമാക്കി. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ടൊറന്റോ ആതിഥേയത്വം വഹിക്കുമ്പോൾ നഗരത്തിലെ ഗതാഗത സംവിധാനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാർക്ക് അർഹമായ വേതനം ഉറപ്പാക്കാനും അതേസമയം യാത്രക്കാർക്കും നികുതിദായകർക്കും അമിത ഭാരമാകാതിരിക്കാനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് സമയത്ത് ലോകോത്തര നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്നും TTC സി.ഇ.ഒ മന്ദീപ് എസ്. ലാലി പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി യൂണിയനും മാനേജ്മെന്റും തമ്മിൽ നടന്ന ചർച്ചകൾ പലപ്പോഴും വഴിമുട്ടിയിരുന്നു. യൂണിയൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ നഗരസഭയ്ക്ക് 40 മില്യൺ ഡോളറിന്റെ അധിക ബാധ്യത വരുമെന്നായിരുന്നു ടി.ടി.സിയുടെ നിലപാട്. എന്നാൽ സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സംവിധാനത്തിന് മികച്ച വേതനം അനിവാര്യമാണെന്ന് യൂണിയനും വാദിച്ചു. ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറായ തോടെയാണ് ഇപ്പോൾ താൽക്കാലിക കരാറിലെത്തിയത്. വരും ദിവസങ്ങളിൽ ഔദ്യോഗിക വോട്ടെടുപ്പിലൂടെ ജീവനക്കാർ ഈ കരാർ അംഗീകരിക്കുന്നതോടെ പണിമുടക്ക് ഭീതി പൂർണ്ണമായും ഇല്ലാതാകും. കരാറിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
