തെഗുസിഗാൽപ: മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത സായുധ ആക്രമണങ്ങളിൽ ആറ് പോലീസുകാർ ഉൾപ്പെടെ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. വടക്കൻ ഹോണ്ടുറാസിലെ ട്രൂഹിലോ മുനിസിപ്പാലി റ്റിയിലുള്ള ഒരു വലിയ തോട്ടത്തിൽ ഉണ്ടായ ആദ്യ ആക്രമണത്തിൽ പത്തിലേറെ തൊഴിലാളികളാണ് വെടിയേറ്റ് മരിച്ചത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഈ മേഖലയിൽ ഭൂമിയെച്ചൊല്ലി പതിറ്റാണ്ടുകളായി കടുത്ത തർക്കങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. ഇതാണ് തോട്ടം തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഇപ്പോഴും പൂർണ്ണമായി വ്യക്തമല്ലെന്ന് ഹോണ്ടുറാൻ നാഷണൽ പോലീസ് വക്താവ് എഡ്ഗാർഡോ ബരഹോണ അറിയിച്ചു. ആക്രമണം നടന്നയുടൻ തന്നെ ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് മാറ്റിയതാണ് ഇതിന് കാരണം.

ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്‌മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘങ്ങളെ അടിച്ചമർത്താനുള്ള പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി തലസ്ഥാനമായ തെഗുസിഗാൽപയിൽ നിന്ന് ഒമോവയിലേക്ക് വരികയായിരുന്ന പൊലീസ് വാഹനത്തിന് നേരെ സായുധ സംഘം ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പൊലീസുകാർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. രണ്ട് ക്രൂരമായ ആക്രമണങ്ങൾക്കും എതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹോണ്ടുറാസ് സുരക്ഷാ മന്ത്രാലയം അറിയിച്ചു. നാഷണൽ പൊലീസും സായുധ സേനയും സംയുക്തമായി ഈ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പ്രൊസിക്യൂട്ടർമാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ തുടങ്ങി.
