ടെഹ്റാന്‍: ഖത്തര്‍ കേന്ദ്രീകരിച്ച് യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന് സമീപം യുഎസ് വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍ക്ക് നേരെയും ഉപരിതല-വ്യോമ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന് നേരെയുമാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ ഇത് നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കില്ലെന്നും തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ഭീഷണി ഒഴിവാക്കാനുള്ള ആത്മരക്ഷാര്‍ത്ഥമുള്ള നടപടി മാത്രമായിരുന്നു ഇതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ആക്രമണത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ദര്‍ അബ്ബാസ് മേഖലയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും നിലവില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ ഉടനടി അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ കൈമാറണമെന്നോ അല്ലെങ്കില്‍ നശിപ്പിക്കണമെന്നോ ഉള്ള കര്‍ശനമായ ആവശ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നോട്ടുവെച്ചു. ദോഹയില്‍ അതീവ നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുണ്ടായ ഈ സൈനിക നീക്കം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നുണ്ട്.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ഇറാനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ലബനാനിലേക്കും ഗാസയിലേക്കും വെടിനിര്‍ത്തല്‍ വ്യാപിപ്പിക്കണമെന്നാണ് ഇറാന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ലബനാനില്‍ ആക്രമണം തുടരേണ്ടത് അനിവാര്യമാണെന്ന നിലപാടില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുകയാണ്. ആദ്യഘട്ട ചര്‍ച്ചകളില്‍ യുറേനിയം സമ്പുഷ്ടീകരണ വിഷയം ഉള്‍പ്പെടുത്താന്‍ ഇറാന്‍ തയ്യാറായിട്ടില്ല. യുദ്ധം പൂര്‍ണ്ണമായി നിര്‍ത്തലാക്കുക, ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനായി തുറന്നുനല്‍കുക, യുഎസ് തടഞ്ഞുവെച്ചിരിക്കുന്ന തങ്ങളുടെ സ്വത്തുക്കള്‍ ഭാഗികമായെങ്കിലും വിട്ടുകിട്ടുക തുടങ്ങിയ ആവശ്യങ്ങളിലാണ് ഇറാന്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.
