Saturday, May 30, 2026

കോവിഡ് പ്രത്യാഘാതം: കാനഡയിലെ കുട്ടികളില്‍ വികസന വൈകല്യങ്ങള്‍ വര്‍ധിക്കുന്നതായി പുതിയ പഠനം

ടൊറന്റോ: കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളുടെ സ്വാഭാവിക വികസനത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നതായി പുതിയ ഗവേഷണ റിപ്പോര്‍ട്ട്. പ്രൈമറി സ്‌കൂള്‍ പ്രവേശനത്തിന് തൊട്ടുമുമ്പുള്ള കിന്റര്‍ഗാര്‍ഡന്‍ കുട്ടികളിലാണ് ശാരീരിക-മാനസിക വികസനവുമായി ബന്ധപ്പെട്ട ഇത്തരം കുറവുകള്‍ കൂടുതല്‍ പ്രകടമാകുന്നത്.

മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ‘ഓഫോര്‍ഡ് സെന്റര്‍ ഫോര്‍ ചൈല്‍ഡ് സ്റ്റഡീസ്’ ഗവേഷകര്‍ രാജ്യത്തുടനീളമുള്ള അഞ്ചര ലക്ഷത്തോളം (540,000) കുട്ടികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയത്. കോവിഡിന് മുമ്പുള്ള (2017-2020) കാലഘട്ടത്തിലെയും കോവിഡിന് ശേഷമുള്ള (2020-2023) കാലഘട്ടത്തിലെയും വിവരങ്ങള്‍ ഇതിനായി താരതമ്യം ചെയ്തു. അധ്യാപകര്‍ പൂരിപ്പിക്കുന്ന 103 ചോദ്യങ്ങളടങ്ങിയ ‘ഏര്‍ലി ഡെവലപ്മെന്റ് ഇന്‍സ്ട്രുമെന്റ്’ (EDI) എന്ന സംവിധാനത്തിലൂടെയാണ് കുട്ടികളുടെ ശാരീരിക ആരോഗ്യം, സാമൂഹിക ഇടപെടലുകള്‍, വൈകാരിക പക്വത, ഭാഷാ-ജ്ഞാന വികസനം, ആശയവിനിമയ ശേഷി എന്നീ അഞ്ച് പ്രധാന മേഖലകള്‍ വിലയിരുത്തിയത്.

പഠന റിപ്പോര്‍ട്ട് അനുസരിച്ച്, കുട്ടികളിലെ വികസന വൈകല്യ നിരക്ക് 27.3 ശതമാനത്തില്‍ നിന്ന് 28.5 ശതമാനമായി വര്‍ധിച്ചു. ശതമാനക്കണക്കില്‍ ഇത് ചെറുതാണെന്ന് തോന്നാമെങ്കിലും, ആയിരക്കണക്കിന് കുട്ടികള്‍ നിത്യജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മഗ്ദലീന ജാനസ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് വൈകാരിക പക്വതയിലാണ് (Emotional maturity) ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഇത് 13.3 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി ഉയര്‍ന്നു. കുട്ടികളില്‍ അമിത ചടുലത (Hyperactivity), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ ഈ പ്രശ്‌നങ്ങള്‍ 2.5 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചുറ്റുപാടുകളില്‍ നിന്നുള്ള കുട്ടികളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷം. ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച്, കുറഞ്ഞ വരുമാനമുള്ള മേഖലകളിലെ കുട്ടികളില്‍ വികസന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലത്തെ സ്‌കൂള്‍ അടച്ചുപൂട്ടലുകള്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന കളിക്കളങ്ങള്‍, പോഷകാഹാരം, സാമൂഹിക പിന്തുണകള്‍ എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കിയതാണ് ഇതിന് കാരണം. കൂടാതെ, പ്രത്യേക പരിഗണന ആവശ്യമുള്ള പെണ്‍കുട്ടികളിലാണ് ആണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ പ്രതിസന്ധികള്‍ ദൃശ്യമായത്.

കോവിഡ് കാലത്ത് മെഡിക്കല്‍ സേവനങ്ങള്‍ കൃത്യമായി ലഭിക്കാത്തത് മൂലം പല പെണ്‍കുട്ടികളിലെയും രോഗനിര്‍ണ്ണയം വൈകിയതാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. കുട്ടികളിലെ ഈ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നല്‍കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ ഇതിനെ ഒരു മുന്നറിയിപ്പായി കാണണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!