അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി യുവാവും പൈലറ്റും മരിച്ചു. അറ്റ്ലാന്റ സ്വദേശികളായ ഫിജി–ഫേബ ദമ്പതികളുടെ മകനും ഡെൽറ്റ എയർലൈൻസ് പൈലറ്റുമായ ഡേവ് ഫിജിയാണ് മരിച്ചവരിൽ ഒരാൾ. ഹെലികോപ്റ്റർ പൈലറ്റും അപകടത്തിൽ മരിച്ചു.
വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ R66 ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏകദേശം 10.30 ഓടെയാണ് സംഭവം നടന്നത്. വിവാഹം നടന്നതിന്റെ പിന്നാലെയായിരുന്നു ദാരുണ സംഭവം.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടസമയത്ത് ഹെലികോപ്റ്റർ ഡേവ് ഫിജി നിയന്ത്രിച്ചിരുന്നില്ലെന്നും വിവരമുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വരൻ ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ പരുക്കേറ്റ വധു ജെസ്‌നി ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് (EMS) യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് യു.എസ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. പരേതനായ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് മരണപ്പെട്ട ഡേവ് ഫിജി.വിവാഹദിനത്തിൽ തന്നെ സംഭവിച്ച ഈ ദുരന്തം അറ്റ്ലാന്റയിലെ മലയാളി സമൂഹത്തെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
