Sunday, May 31, 2026

കോക്പിറ്റ് തകർക്കാൻ യാത്രാക്കാരന്റെ ശ്രമം; യുണൈറ്റഡ് എയർലൈൻസ് വിമാനം അടിയന്തരമായി ഇറക്കി

ചിക്കാഗോ: ചിക്കാഗോയിൽ നിന്നും മിനിയാപൊളിസിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ അക്രമം കാട്ടിയതിനെ തുടർന്ന് വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ കോക്പിറ്റിലേക്ക് ഇയാൾ അതിക്രമിച്ചു കയറാൻ ഒന്നിലധികം തവണ ശ്രമിച്ചതോടെയാണ് വിമാനം വിസ്കോൺസിനിലെ മാഡിസണിലേക്ക് അടിയന്തരമായി ലാൻഡ് ചെയ്തത്. യുണൈറ്റഡ് ഫ്ലൈറ്റ് 2005-ൽ ലാണ്‌ കഴിഞ്ഞ ദിവസം സംഭവം നടന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അക്രമാസക്തനായ യാത്രക്കാരനെ എഫ്.ബി.ഐയുടെയും പ്രാദേശിക സുരക്ഷാ വിഭാഗത്തിന്റെയും സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ബോയിംഗ് 737 വിമാനത്തിൽ 147 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനം ചിക്കാഗോയിലെ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതിന് മുൻപ് റൺവേയിലൂടെ നീങ്ങുന്ന സമയത്ത് തന്നെ ഈ യാത്രക്കാരൻ അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ചിരുന്നു. സീറ്റിൽ നിന്നും എഴുന്നേറ്റു നിന്ന ഇയാളോട് ജീവനക്കാർ പലതവണ ഇരിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഇയാൾക്ക് ഇംഗ്ലീഷ് മനസ്സിലാകാത്തതിനെ തുടർന്ന് വിമാനത്തിൽ റഷ്യൻ ഭാഷ സംസാരിക്കാൻ അറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് ജീവനക്കാർ അനൗൺസ് ചെയ്യുകയും, മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെയാണ് ഇയാളെ സീറ്റിലിരുത്തിയതെന്നും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു.

എന്നാൽ വിമാനം വായുവിലുയർന്നതിന് ശേഷം ഇയാൾ വീണ്ടും അക്രമാസക്തനാകുകയും കോക്പിറ്റിന് സമീപത്തേക്ക് ഓടിയടുക്കുകയുമായിരുന്നു. തുടർന്ന് കോക്പിറ്റിന്റെ വാതിൽ തകർക്കാനും അവിടെയുണ്ടായിരുന്ന എയർ ഹോസ്റ്റസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.യാത്രക്കാരൻ കോക്പിറ്റ് ലക്ഷ്യമാക്കി നീങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. ഭാഗ്യവശാൽ ഈ വിമാനത്തിൽ യാത്രക്കാരായി ചില സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇവർ ഉടൻ തന്നെ ഇടപെട്ട് അക്രമിയെ പിടികൂടി സീറ്റിലേക്ക് മാറ്റി ഇരുത്തുകയും ഇരുവശത്തുമായി കാവൽ നിൽക്കുകയും ചെയ്തു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. വിമാനം മാഡിസണിലെ ഡെയ്ൻ കൗണ്ടി റീജിയണൽ എയർപോർട്ടിൽ ഇറക്കിയ ഉടൻ തന്നെ പോലീസ് വിമാനത്തിനുള്ളിൽ കയറി ഇയാളെ വിലങ്ങുവെച്ച് പുറത്തേക്ക് കൊണ്ടുപോയി. എഫ്.ബി.ഐ മിൽവാക്കി വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയുടെ പേരുവിവരങ്ങളോ ഇയാൾക്കെതിരെ ചുമത്തിയ കൃത്യമായ കുറ്റങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം മിനിയാപൊളിസിലേക്ക് യാത്ര തുടർന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!