ഒട്ടാവ: കാനഡയിലെ തൊഴിൽ ഇൻഷുറൻസ് (EI) സംവിധാനം ഇന്നത്തെ തൊഴിൽ സാഹചര്യങ്ങൾക്ക് യോജിക്കുന്നില്ലെന്ന് ഫുഡ് ബാങ്ക്സ് കാനഡ. ഗിഗ് വർക്കർമാർക്കും താൽക്കാലിക തൊഴിലാളികൾക്കും സഹായകരമാകുന്ന രീതിയിൽ അടിയന്തരമായി പരിഷ്കരിക്കണമെന്നാവശ്യം ശക്തം. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായും ഫുഡ് ബാങ്ക്സ് കാനഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത മണിക്കൂറുകൾ ജോലി ചെയ്തിരിക്കണം എന്നാണ് നിയമം. എന്നാൽ കോവിഡിന് ശേഷം ജോലിയുടെ രീതികൾ മാറിയതുകൊണ്ട് ഭൂരിഭാഗം പേർക്കും ഇതിന്റെ യോഗ്യത നേടാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. നിലവിലെ നിയമങ്ങൾ കാരണം കാനഡയിലെ തൊഴിലില്ലാത്തവരിൽ 40 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ നിലവിൽ EI ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ.
ശമ്പളം ലഭിക്കുന്നവരും സ്ഥിരവരുമാനമുള്ളവരുമായ ആളുകൾ പോലും അന്നന്നത്തെ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. കാനഡയിൽ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഈ സമ്പ്രദായം അടിമുടി പരിഷ്കരിക്കണമെന്നാണ് ഫുഡ് ബാങ്ക്സ് കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടു.
