കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ വണ്ണിന് (T1) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിന് വന്‍തോതില്‍ നാശനഷ്ടം സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ടെര്‍മിനലില്‍ യാത്രക്കാരുടെ തിരക്കുള്ള സമയത്തായിരുന്നു സംഭവം. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിരുന്ന വിമാനങ്ങള്‍ മറ്റ് സുരക്ഷിത താവളങ്ങളിലേക്ക് തിരിച്ചുവിടുകയും റണ്‍വേയിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും സ suicide ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് തിരിച്ചടി തുടങ്ങിയത്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കണ്ട്രോള് സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് കുവൈത്തിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുവൈറ്റ് വിമാനത്താവളത്തിലും മിസൈലുകള്‍ പതിച്ചത്.
