തിരുവനന്തപുരം:നെടുമങ്ങാട്ട് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള അഷ്കറിനെയും കുട്ടിയുടെ അമ്മ അഖിലയെയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ മർദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കർ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി ഇരുവരിൽ നിന്നുമായി നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇരുവരെയും സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് ഇന്ന് ഉണ്ടാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ അവസാനിക്കും.
കേസിന്റെ അന്വേഷണ ചുമതല നെടുമങ്ങാട് ഡിവൈഎസ്‌പി ബൈജു കുമാറിനാണ്. കുട്ടിക്കെതിരായ അതിക്രമങ്ങളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായും ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും വ്യക്തമായി.

തലയ്ക്കേറ്റ ഗുരുതര ക്ഷതത്തെ തുടർന്നുണ്ടായ നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ കൈ ഒടിഞ്ഞ ശേഷവും 12 ദിവസത്തോളം ചികിത്സ തേടാതിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തങ്ങൾ ഒരുമിച്ച് ജീവിക്കുന്നതിന് ഒന്നര വയസുകാരൻ തടസമായിരുന്നുവെന്നും അതുകൊണ്ടാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്നുമാണ് അഷ്കർ മൊഴി നൽകിയതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സംഭവത്തിന്റെ പൂർണ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
