കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിർദ്ദേശം. വീണ ടിയുൾപ്പെടെ ഒമ്പതുപേർക്കാണ് ഇഡി ഇപ്പോൾ സമൻസ് നൽകിയിരിക്കുന്നത്. കേസിലെ നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയും, കേസ് സംബന്ധിച്ച രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി വേഗത്തിലാക്കിയത്. വീണ ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലും നേരത്തെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത ഡിജിറ്റൽ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും പരിശോധിച്ച ശേഷം, ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ നടക്കുക. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂരിഭാഗം രേഖകളും ഇതിനകം തന്നെ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം, സിഎംആർഎൽ–എക്‌സാലോജിക് ഇടപാടിലെ നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പ്രത്യേക കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. എസ്എഫ്‌ഐഒ (SFIO) റിപ്പോർട്ടിന്റെ അനുബന്ധ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. ഇതിൽ വീണ ടി–സിഎംആർഎൽ കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ എന്നിവയും ഉൾപ്പെടുന്നു. ഈ രേഖകൾ കൈമാറാൻ തടസ്സമില്ലെന്ന് എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു. രേഖകൾ നൽകരുതെന്ന സിഎംആർഎല്ലിന്റെ വാദം കമ്പനികാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളുകയും ചെയ്തു. പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനായി ഉദ്യോഗസ്ഥരെത്തിയപ്പോൾ സിപിഐഎം പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുകയും ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തി വളരെ കരുതലോടെയാണ് ഇഡി കേസിൽ മുന്നോട്ട് പോകുന്നത്.
