തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വയ്ക്കും. ഇതുമായി ബന്ധപ്പെട്ട നിയമപരിശോധനകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്നലെയാണ് കേസിലെ അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽപ്പെട്ട അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജഡ്ജി ഹണി എം വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഡിസംബറിലാണ് വിവാദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറി.

സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടിയാണെനാനയിരുന്നു അന്നത്തെ സർക്കാർ നിലപാട്. എന്നാൽ ഈ നിലപാട് പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി.
പൊലീസ് ആദ്യം കേസെടുക്കാത്തതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
