Thursday, June 11, 2026

എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസിന്റെ റീബ്രാന്‍ഡിങ് തടഞ്ഞ് ആരോഗ്യമന്ത്രി

എഡ്മിന്റണ്‍: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസിന്റെ (EHS) പേരും ലോഗോയും മാറ്റാനുള്ള നീക്കം തടഞ്ഞ് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച്. ഇത്തരമൊരു മാറ്റത്തിലേക്ക് കടക്കുന്നതിന് മുന്‍പ് പ്രവിശ്യയിലെ ജനങ്ങളുമായും ആരോഗ്യപ്രവര്‍ത്തകരുമായും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഹോസ്പിറ്റല്‍ ആന്‍ഡ് സര്‍ജിക്കല്‍ ഹെല്‍ത്ത് സര്‍വീസസ് മന്ത്രിയായ ലാഗ്രാഞ്ച് ഈ അടിയന്തിര ഉത്തരവിറക്കിയത്. ഇതോടെ എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ് തങ്ങളുടെ പഴയ പേരും ലോഗോയും തന്നെ തല്‍ക്കാലം നിലനിര്‍ത്തും.

കഴിഞ്ഞ മാസമാണ് എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസിന്റെ പേര് മാറ്റി ‘അല്‍ത്ത പാരാമെഡിക് ഹെല്‍ത്ത്’ (Alta Paramedic Health) എന്നാക്കാന്‍ തീരുമാനിച്ചത്. ഒരു പുതിയ യുഗത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിച്ചായിരുന്നു അധികൃതര്‍ ഈ മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ ജീവനക്കാരുടെയും ആംബുലന്‍സ് ക്ഷാമം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് മുന്‍ഗണന നല്‍കാതെ പേര് മാറ്റാന്‍ കോടികള്‍ ചിലവഴിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മൂവായിരത്തിലധികം പാരാമെഡിക്കല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഹെല്‍ത്ത് സയന്‍സസ് അസോസിയേഷന്‍ ഓഫ് അല്‍ബെര്‍ട്ട (HSAA) സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ജീവനക്കാരുടെ ആശങ്കകള്‍ കേള്‍ക്കാന്‍ മന്ത്രി തയ്യാറായതില്‍ സന്തോഷമുണ്ടെന്നും, യൂണിഫോം അടക്കമുള്ള മാറ്റങ്ങളില്‍ ഇനി തങ്ങളുമായി കൃത്യമായ കൂടിയാലോചനകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ പ്രസിഡന്റ് ലീന്‍ അല്‍ഫാരോ അറിയിച്ചു.

അതേസമയം, ഈ പേര് മാറ്റ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി സര്‍വീസിന്റെ ദൈനംദിന പ്രവര്‍ത്തന ഫണ്ടില്‍ നിന്നും പണമൊന്നും ചിലവഴിച്ചിട്ടില്ലെന്നും യൂണിഫോമുകളിലോ ആംബുലന്‍സുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രി ലാഗ്രാഞ്ച് വ്യക്തമാക്കി. ലോഗോയുടെ പ്രോട്ടോടൈപ്പ് തയ്യാറാക്കുന്നതിനായി 25,000 ഡോളറില്‍ താഴെ മാത്രമാണ് ഇതുവരെ ചിലവായതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!