ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ ആദ്യവാരം ആരംഭിക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനാവുന്ന രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. മരണത്തിന് മാസങ്ങൾക്കുശേഷമാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകളുടെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചടങ്ങുകൾ ടെഹ്റാൻ, ഖൂം, മഷദ് എന്നീ പ്രധാന നഗരങ്ങളിലായി നടക്കും. ഖമേനിയുടെ ഭൗതികശരീരം വിവിധ നഗരങ്ങളിലൂടെ പൊതുദർശനത്തിനായി കൊണ്ടുപോകുന്ന ചടങ്ങുകളും ഇതിന്റെ ഭാഗമായുണ്ടാകും.
ഇറാന്റെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഷദിലെ ഇമാം റെസ ദേവാലയത്തിലായിരിക്കും അന്ത്യവിശ്രമം.. ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ പ്രതീക്ഷ.

ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ ഇതുവരെ പരിമിതമായ രീതിയിലാണ് പുറത്തുവിട്ടിരുന്നത്. സംസ്കാര ചടങ്ങുകൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുപരിപാടികളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഖമേനിയുടെ പിൻഗാമിയായി തിരഞ്ഞെടുത്ത മുജ്തബ ഖമേനി ചടങ്ങുകളിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
