കീവ്: ഒരിടവേളയ്ക്ക് ശേഷം യുക്രൈനിനെതിരെ റഷ്യ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും പ്രയോഗിച്ചതായി യുക്രൈൻ അധികൃതർ അറിയിച്ചു. യുദ്ധം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായാണ് പുതിയ ആക്രമണത്തെ വിലയിരുത്തുന്നത്.
യുക്രൈന്റെ സൈനിക വ്യോമതാവളങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ കീവ്, ഖർകീവ്, നിപ്രോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നുവെന്നും റഷ്യ അവകാശപ്പെട്ടു.

അതേസമയം, റഷ്യയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി യുക്രൈൻ സൈന്യം അറിയിച്ചു. റഷ്യ പ്രയോഗിച്ച അൻപതോളം മിസൈലുകളും 582 ഡ്രോണുകളും തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
റഷ്യൻ ആക്രമണത്തിന് മറുപടിയായി റഷ്യയിലെ എണ്ണ സംഭരണ കേന്ദ്രവും ഒരു കെമിക്കൽ പ്ലാന്റും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും യുക്രൈൻ അറിയിച്ചു. ആക്രമണത്തിന്റെ ആഘാതവും നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നടപടികൾ കൂടുതൽ ശക്തമാകുന്നുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
