Monday, June 15, 2026

ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം

ലണ്ടന്‍: കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. ‘ഓസ്ട്രേലിയ-പ്ലസ്’ (Australia-Plus) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ നിയമം യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളില്‍ നിന്നും അഡിക്ഷനില്‍ നിന്നും കുട്ടികളെ സംരക്ഷിച്ച്, അവരുടെ നഷ്ടപ്പെടുന്ന ബാല്യം തിരികെ നല്‍കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പിന്നാലെ ഇത്തരമൊരു ശക്തമായ തീരുമാനം കൈക്കൊള്ളുന്ന നാലാമത്തെ രാജ്യമായി ഇതോടെ ബ്രിട്ടന്‍ മാറി.

ലോകത്തിലാദ്യമായി 2025 ഡിസംബറില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണമായി സോഷ്യല്‍ മീഡിയ ബാന്‍ ചെയ്ത രാജ്യമാണ് ഓസ്ട്രേലിയ. ഈ മാതൃക പിന്തുടരുന്ന ബ്രിട്ടന്‍, അതിനേക്കാള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനാലാണ് ഇതിനെ ‘ഓസ്ട്രേലിയ-പ്ലസ്’ എന്ന് വിശേഷിപ്പിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, എക്‌സ്, യൂട്യൂബ്, റെഡ്ഡിറ്റ്, ത്രെഡ്‌സ് തുടങ്ങിയ പ്രമുഖ ആപ്പുകള്‍ക്കെല്ലാം ഈ നിരോധനം ബാധകമായിരിക്കും. ഏകദേശം മൂന്ന് മാസത്തോളം നീണ്ട പഠനങ്ങള്‍ക്കും പൊതുജനാഭിപ്രായ ശേഖരണങ്ങള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിയത്.

നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 116,000-ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍ പങ്കെടുത്ത 90 ശതമാനം ആളുകളും 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായി നിരോധിക്കണം എന്ന തീരുമാനത്തെ ശക്തമായി പിന്തുണച്ചു. കൂടാതെ, സോഷ്യല്‍ മീഡിയ കുട്ടികളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് 83 ശതമാനത്തിലധികം മാതാപിതാക്കളും അഭിപ്രായപ്പെട്ടു. വരും മാസങ്ങളില്‍ ഈ നിയമത്തിന്റെ കൂടുതല്‍ വിവരങ്ങളും നടപ്പിലാക്കുന്ന രീതികളും ഔദ്യോഗികമായി പുറത്തുവിടുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.

വെറുമൊരു നിരോധനത്തില്‍ ഒതുങ്ങാതെ, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളിലൂടെ അപരിചിതര്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നത് തടയാനുള്ള നിയന്ത്രണങ്ങളും ലൈവ് സ്ട്രീമിങ് നിയന്ത്രണങ്ങളും ഈ നിയമത്തിന്റെ ഭാഗമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ചാറ്റ്ബോട്ടുകള്‍ക്കും നിയന്ത്രണമുണ്ടാകും. അതേസമയം, ഇത്തരം സമ്പൂര്‍ണ്ണ നിരോധനങ്ങള്‍ കുട്ടികളെ മറ്റ് സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് നയിച്ചേക്കാമെന്നും, പ്രായം തെളിയിക്കാനുള്ള സാങ്കേതികതകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും ചില സാമൂഹ്യപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!