ഓട്ടവ: കനേഡിയന്‍ ഫെഡറല്‍ സിവില്‍ സര്‍വീസിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനുള്ള പ്രത്യേക പദ്ധതിയില്‍ രാജ്യത്തെ ദേശീയ രഹസ്യാന്വേഷണ-സൈബര്‍ സുരക്ഷാ ഏജന്‍സിയായ ‘കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് കാനഡ’ (CSE)യെയും ഉള്‍പ്പെടുത്തി. കാനഡയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള മുന്‍കൂര്‍ വിരമിക്കല്‍ പദ്ധതിക്ക് (Early Retirement Incentive – ERI) ഇനി സിഎസ്ഇ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. രണ്ട് ഗ്രൂപ്പുകളായാണ് മുന്‍കൂര്‍ വിരമിക്കലിനുള്ള യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 31-നോ അതിന് മുന്‍പോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് 50 വയസ്സ് പ്രായവും, അതിന് ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 55 വയസ്സ് പ്രായവും ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് 10 വര്‍ഷത്തെ ഫെഡറല്‍ സര്‍വീസും ഇവര്‍ക്ക് നിര്‍ബന്ധമാണ്.
കാനഡയുടെ 2025-ലെ ബജറ്റ് പ്രകാരം 2029-ഓടെ ഫെഡറല്‍ പബ്ലിക് സര്‍വീസിലെ 28,000 തസ്തികകള്‍ വെട്ടിക്കുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 12,000 തസ്തികകള്‍ ജീവനക്കാരുടെ വിരമിക്കലിലൂടെയും മുന്‍കൂര്‍ വിരമിക്കല്‍ പാക്കേജുകളിലൂടെയും ഒഴിവാക്കാനാണ് തീരുമാനം. ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് 2027 ജനുവരി 20നകം സര്‍വീസില്‍ നിന്ന് വിരമിക്കാം. ജൂലൈ 24 വരെയാണ് ജീവനക്കാര്‍ക്ക് ഇതിനായി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം 7,310 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 4,398 അപേക്ഷകള്‍ക്ക് ഇതിനകം അംഗീകാരം ലഭിച്ചുകഴിഞ്ഞു.

ദേശീയ സുരക്ഷയും ദൈനംദിന സേവനങ്ങളും തടസ്സപ്പെടാത്ത രീതിയില്‍ മാത്രമായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക എന്ന് സിഎസ്ഇ വക്താവ് അറിയിച്ചു. അതേസമയം കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി (CBSA), റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) എന്നിവയിലെ ഫ്രണ്ട്ലൈന് ഓഫീസര്‍മാര്‍ക്കും മറ്റ് സുപ്രധാന ഓപ്പറേഷണല്‍ തസ്തികകളില്‍ ഉള്ളവര്‍ക്കും ഈ മുന്‍കൂര്‍ വിരമിക്കല്‍ ആനുകൂല്യം ലഭ്യമാകില്ല. അതിര്‍ത്തിയിലെ കസ്റ്റംസ് പരിശോധനകള്‍ കൃത്യമായി നടപ്പാക്കുന്നതിനായി 1000 പുതിയ ഓഫീസര്‍മാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി.
