ടൊറന്റോ: ടൊറന്റോയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ നടന്ന വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. അറസ്റ്റുകളുടെ വിവരങ്ങള്‍ ടൊറന്റോ പോലീസ് ചൊവ്വാഴ്ച പുറത്തുവിടും. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കോണ്‍സുലേറ്റ് വെടിവെപ്പ് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
വെടിവെപ്പ് കേസുകളുമായി ബന്ധപ്പെട്ട് നോര്‍ത്ത് യോര്‍ക്കിലെ ഒരു കെട്ടിടത്തില്‍ സെര്‍ച്ച് വാറണ്ട് നടപ്പാക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച ടൊറന്റോ പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് പിനിസോട്ടോ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് പത്തിനായിരുന്നു യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. ഈ കേസിലെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് പോലീസ് ഓഫീസര്‍ക്ക് ജീവന് നഷ്ടമായത്.

സംഭവവുമായി ബന്ധപ്പെട്ട് ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകീവ് , ഡിറ്റക്റ്റീവ് ഓപ്പറേഷന്‍സ് ചീഫ് സൂപ്രണ്ട് ജോ മാത്യൂസ് എന്നിവര്‍ ചൊവ്വാഴ്ച രാവിലെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ കാണും. അറസ്റ്റിലായ പ്രതികളെക്കുറിച്ചും അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് മേധാവികള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
