എഡ്മിന്റണ്‍: കാനഡയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയൊരു രാജ്യമാകണമെന്ന വിഘടനവാദ ചര്‍ച്ചകള്‍ ആല്‍ബര്‍ട്ട പ്രവിശ്യയിലാകെ ശക്തമാകുമ്പോള്‍ ആശങ്കയുടെ നിഴലിലാണ് അതിര്‍ത്തി നഗരമായ ലോയ്ഡ്മിന്‍സ്റ്റര്‍ (Lloydminster). ആല്‍ബര്‍ട്ട-സസ്കച്വാന്‍ പ്രവിശ്യകളുടെ അതിര്‍ത്തി കൃത്യം നടുവിലൂടെ കടന്നുപോകുന്ന അപൂര്‍വ്വ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള നഗരമാണ് ലോയ്ഡ്മിന്‍സ്റ്റര്‍. ഒക്ടോബറില്‍ കാനഡയില്‍ തുടരണമോ അതോ വിട്ടുപോകണമോ എന്ന കാര്യത്തില്‍ ആല്‍ബര്‍ട്ടയില്‍ നിര്‍ണ്ണായക ജനഹിതപരിശോധന നടക്കാനിരിക്കെ, വിഭജനം ഉണ്ടായാല്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
നൂറിലധികം വര്‍ഷങ്ങളായി ഇരു പ്രവിശ്യകളുടെയും നിയമങ്ങളും സൗകര്യങ്ങളും പങ്കിട്ടാണ് ഈ നഗരം ജീവിക്കുന്നത്. നഗരത്തിലെ സ്കൂളുകള്‍ സസ്കച്വാന്‍ പ്രവിശ്യയുടെ സിലബസ് പിന്തുടരുമ്പോള്, നഗരസഭ ഭരണം നടക്കുന്നത് ആല്‍ബര്‍ട്ടയിലെ നിയമപ്രകാരമാണ്. കൗതുകകരമായ കാര്യം, നഗരത്തിന്റെ സിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നത് ആല്ബര്ട്ടയിലാണെങ്കില്, ഇവിടുത്തെ പ്രാദേശിക ആശുപത്രി പ്രവര്‍ത്തിക്കുന്നത് സസ്കച്വാന്‍ അതിര്‍ത്തിയിലാണ്. ഇതുവരെ പ്രവിശ്യാ അതിര്‍ത്തി മാത്രമായിരുന്ന ഈ ലൈന്‍, ആല്‍ബര്‍ട്ട വേര്പിരിഞ്ഞാല് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര അതിര്‍ത്തിയായി മാറും. ഇത് നഗരത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാനഡയില്‍ തുടരണമെന്ന അഭിപ്രായത്തിനാണ് പ്രവിശ്യയില്‍ ഇപ്പോഴും ഭൂരിപക്ഷമെങ്കിലും, വിഘടനവാദത്തെ അനുകൂലിക്കുന്നവരും ലോയ്ഡ്മിന്സ്റ്ററിലുണ്ട്. വര്‍ധിച്ചുവരുന്ന നികുതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം കാനഡ ഫെഡറല്‍ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തിയാണ് വിഘടനവാദ ചിന്തകള്‍ക്ക് പിന്നിലെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അതിര്‍ത്തി ഒരു അന്താരാഷ്ട്ര ബോര്‍ഡര്‍ ആയി മാറിയാല്‍ ബിസിനസ്സുകള്‍ അതനുസരിച്ച് മാറേണ്ടി വരുമെന്ന് ഇവര്‍ കരുതുന്നു.
എന്നാല്‍ ആല്‍ബര്‍ട്ട കാനഡയില്‍ നിന്ന് വേര്‍പിരിയുന്നത് നഗരത്തിന് വലിയ ‘ദുരന്തമായിരിക്കും’ എന്ന് മുന്‍ പ്രവിശ്യാ എം.എല്‍.എ റിച്ചാര്‍ഡ് സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മുന്നറിയിപ്പ് നല്കുന്നു. നഗരത്തിന്റെ മലിനജല സംസ്കരണ പ്ലാന്റ് ഒരു പ്രവിശ്യയിലും സിറ്റി ഹാള്‍ മറ്റൊരു പ്രവിശ്യയിലുമാണ്. നിലവില്‍ അന്തര്‍-പ്രവിശ്യാ അതിര്‍ത്തി ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും, ഇത് രണ്ട് രാജ്യങ്ങളായി മാറിയാല്‍ നിത്യജീവിതവും ബിസിനസ്സും യാത്രകളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആല്‍ബര്‍ട്ട പ്രവിശ്യാ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ ഓഫീസ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ആല്‍ബര്‍ട്ട കാനഡയുടെ ഭാഗമായി തുടരുന്നതിനെയാണ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്നും, ശക്തവും പരമാധികാരമുള്ളതുമായ ആല്‍ബര്‍ട്ടയെ ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് കാനഡയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രീമിയറുടെ വക്താവ് വ്യക്തമാക്കി.
